പേരൻപ്; സൂക്ഷ്മാഭിനയിത്തിൻ്റെ ചലച്ചിത്ര പാഠപുസ്തകം

single-img
2 February 2019

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-

അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയാണ് മമ്മൂട്ടിയെന്ന് വിഖ്യാത നീരൂപകന്‍ ഡെറിക് മാല്‍കം കുറിച്ചിട്ട് ദശകങ്ങൾ കഴിഞ്ഞു. പ്രാഞ്ചിയേട്ടൻ മുതൽ പഴശ്ശിരാജ തുടങ്ങി പേരന്പ് വരെ തിരശ്ശീലകളിൽ പിറവി കൊണ്ടു..!

“അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനുമാകുന്നുവെന്ന്” പ്രഖ്യാപിക്കുന്ന ഒരച്ഛനെ എന്നെങ്കിലും കിനാവിലെങ്കിലും കണ്ടിട്ടുണ്ടോ..?! ആട്ടെ, അതുപോട്ടെ ഭിന്നശേഷിക്കാരിയായ സ്വന്തം മകൾക്കായി പുരുഷവേശ്യയെ തേടുന്ന പിതാവിനെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ?!

ഇല്ല, സിനിമയുടെ ആഴങ്ങളിലേക്ക് ഞാനിനിയുമില്ല, കാരണം തിരശ്ശീലയിൽ കണ്ടു ശ്വാസം മുട്ടിയതാണ്.  

കഥയിലേക്ക്‌ വരാം, പന്ത്രണ്ട് അദ്ധ്യായങ്ങളിലായി ഒരച്ഛൻ തൻേറയും മകളുടേയും ജീവിതം ആഖ്യാനിക്കുന്ന 2 മണിക്കൂര്‍ 27 മിനിറ്റ് ദൈര്‍ഘ്യമുള്ള തമിഴ് ഇതിഹാസ ചിത്രമാണ് പേരന്പ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം അത് അങ്ങിനെയായിരുന്നുവെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും.

സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച പെൺകുട്ടിയുടെയും, അവളുടെ ദുബായിലെ പഴയ ടാക്സി ഡ്രൈവറായി ജീവിതം നയിച്ചിരുന്ന അമുദവൻ എന്ന പിതാവിന്റേയും കഥയാണ് ചുരുക്കത്തിൽ പേരന്പ്. പക്ഷേ യഥാർത്ഥത്തിൽ അത് മറ്റനേകം സാമൂഹിക യാഥാർഥ്യങ്ങളിലേക്ക് തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടികൂടിയാണ്. ആ നിലയിൽ അത് മറ്റനേകം ശക്തമായ സാമൂഹ്യ വിചാരങ്ങള്‍ കൂടി പേറുന്ന തിരക്കഥയാണ് എന്ന് അനുഭവിച്ചറിയാനാകും.

സ്ഥിരം ക്ളീഷേ വഴികളിലൂടെ സഞ്ചരിക്കാത്ത,  വൈകാരികമായ ഹൃദയഭാരമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ തീരെയില്ലെന്നുതന്നെ പറയാം. എന്നാല്‍ തമിഴില്‍ അത് നിരന്തരം  സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഭാഗ്യവശാൽ പേരന്‍പിന്റെയും സ്ഥാനം.

കണ്ണിമക്കാഴ്ചയിലെ  തിരശ്ശീലയിലെ ഒരു കാലാവസ്ഥാഭാഷയുടെ  പേരാകുന്നു പേരന്‍പ്. മനുഷ്യ ജീവിതത്തിന്റേയും ഹൃദയോൺമകളുടെയും എല്ലാ നോവുകള്‍ക്കുമപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴചേരലിൻ്റെ അത്യപൂര്‍വ ഭംഗിയെ ഉള്ളില്‍പ്പേറുന്ന കാഴ്ചയുടെ ഹൃദയ വേപഥുവിൻറെ പേര്

നമ്മുടെ കണ്ണ് നനയിക്കാതെ, കണ്ഠമിടറാതെ ഈ സിനിമ കണ്ടിരിക്കാന്‍ ആവില്ല. ലൈംഗിക തൊഴിലാളികൾ അടക്കമുള്ള പച്ചമനുഷ്യരുടെയും, അവരുടെ നേര്‍ജീവിതങ്ങളുടെയും ജീവിതം വരച്ചുകാട്ടുന്ന സിനിമകള്‍ അപൂര്‍വ്വമാകുന്ന നമ്മുടെ സിനിമയില്‍ , ആ നിലയ്ക്ക് അടുത്ത കാലത്ത് മമ്മുട്ടി ചെയ്ത മനോഹര വേഷമാണ് ഈ സിനിമയിലെ അമുദവന്റേത്.  മനോഹരമായ ഗാനവും, പശ്ചാത്തല സംഗീതവും ഇതിനെ വേറിട്ട്‌ നിർത്തുന്നുണ്ട് എന്നും പറയാതെ വയ്യ.

പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ദേവാസുര മേഘമായ് അമുദൻ. അയാളുടെയും പതിനാറുകാരി മകളുടെയും  ജീവിതം.. , ദേവത്വവും, ആസുരതയും നിറയുന്ന നിസ്സഹായമായ, ദൈന്യമാര്‍ന്ന ജീവിത പരിസരങ്ങള്‍ … ഭാവാഭിനയത്തിന്റെ തമ്പുരാന്‍ താന്‍ തന്നെയെന്ന് മമ്മൂട്ടി വീണ്ടും അടവരയിടുന്നതാണ് പേരന്പ് . ഇടറുന്ന ശബ്ദം കൊണ്ടും, സൂക്ഷ്മമായ ഭാവങ്ങള്‍ കൊണ്ടും ഈ നടന്‍ നമ്മുടെ കണ്ണ് നനയിക്കുന്നു. നന്മയുടെ , കാഴ്ച്ചയുടെ ലാളിത്യത്തിന്റെ സിനിമാഘോഷമാണ് പേരന്പ്.

ഒരു സങ്കടക്കടല്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന അസാമാന്യ കഥാപാത്ര മിഴിവാണ് ഈ സിനിമയിലെ അമുദവൻ.  മകള്‍ക്ക് കാഴ്ചയിലും സ്വപ്നത്തിലുമുള്ള സ്പർശ്യമായ ഏകജൈവിക സാന്നിധ്യം എന്നതിനപ്പുറം, ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥയുടെ അത്രമേൽ അസാധാരണമായ കാമ്പുകൾ പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടുംവിധം മമ്മൂട്ടി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടോട്ടല്‍ ഫിലിമോഗ്രഫിയില്‍ അദ്ദേഹത്തിലെ നടന്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ എടുത്തുവെക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത കഥാപാത്രവും പ്രകടനവുമാണ് പേരന്‍പിലെ അമുദന്റേത്. ‘Resurrection’ എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍. ഒരര്‍ഥത്തില്‍ മമ്മൂട്ടിയിലെ മാറ്റുള്ള അഭിനേതാവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയാണ് പേരന്‍പില്‍ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

സ്നേഹനിരാസങ്ങളുടെ ലോകത്തുനിന്ന് തങ്ങളുടേതായ ജൈവിക കിളിക്കൂടിലേക്ക് ജീവിതം പറിച്ചുനടാൻ ഒരു പുഴയോരത്തുള്ള മനോഹരമായ കുന്നിഞ്ചെരുവിലേക്ക് സ്നേഹവൃക്ഷങ്ങളുടെ വാടാത്ത വേരുകളുമായി എത്തുകയാണ് അമുദവനും മകളും. ‘മനുഷ്യര്‍ ഇല്ലാത്ത, കുരുവികള്‍ ചാകാത്ത ഇടം’ അവരെ സംബന്ധിച്ച് സ്വർഗ്ഗീയതയാണ്, അവരുടെ ജീവിത വേദനകൾക്കിടയിലും.  

പതിറ്റാണ്ടുകാലം മണലാരണ്യത്തിൽ ടാക്സി ഓടിച്ച് നാട്ടില്‍ തിരിച്ചെത്തിയ അമുദവനെ കാത്തിരുന്നത് മകളെ ഉപേക്ഷിച്ച് കടന്നുപോയ ഭാര്യയുടെ ചുരുക്കവരി കത്തായിരുന്നു. ഇത്രയുംകാലം ഞാൻ നോക്കിയില്ലേ, ഇനി മകളെ നിങ്ങൾ നോക്കൂവെന്ന അക്ഷരങ്ങളുടെ പകപ്പിലും മകളുടെ വളർച്ചയുടെ ചിരിയുടെയും  കണ്ണീരിന്റെയും , ഋതുമതിയാവുന്നതിൻറെയും ഋതുഭേദങ്ങളിലെല്ലാം അമുദവൻ നിഴലും നിലാവുമാകുന്നുണ്ട്.

മമ്മൂട്ടി, സാധന എന്നീ പ്രതിഭാധനരായ അഭിനേതാക്കൾ കഴിഞ്ഞാൽ പ്രകൃതിയാണ് ഈ സിനിമയിലെ കഥാപാത്രം. ചുരുങ്ങിയ സംഭാഷണങ്ങൾ മാത്രമേ സിനിമയിലുള്ളൂ. പിന്നീട് കാറ്റും മഞ്ഞും പുഴയും ഇരുളും വെളിച്ചവും നമ്മോട് സംവദിക്കും. അമുദവൻ പലവട്ടം കരയുന്ന രംഗങ്ങളുണ്ട് ഈ സിനിമയിൽ, എനിക്ക് പലപ്പോഴും ഹൃദയം ഒലിച്ചുപോകുന്നത് തോന്നി. കണ്ണുനനയാതെ ഞാൻ തിയറ്ററിൽ ഇരുന്നത് ആദ്യത്തെ പത്തുമിനിറ്റ് മാത്രമാണ്. വിറയ്ക്കുന്ന ചുണ്ടുകളും, ഇടറുന്ന ശബ്ദവും ഭാഷയും, വാക്കുകളുമായി മമ്മൂക്ക നമ്മെ വെയിലത്തുവച്ച ഐസുപോലെയാക്കുന്നുണ്ട്. അമരത്തിലെ അച്ചൂട്ടി കഴിഞ്ഞാൽ ഞാൻ മമ്മൂട്ടിയിൽ ഇങ്ങനെ ഒരച്ഛനെ കണ്ടിട്ടില്ല. ഉള്ളില്‍പ്പേറുന്ന നോവുകളെയും ആധികളെയും വിനിമയം ചെയ്യാന്‍ അമുദവന് പക്ഷേ ആരുമില്ല. മകളുടെ മുന്നില്‍ കരയാന്‍ പോലുമാകാതെ വാതില്‍ മറവില്‍ ശബ്ദമില്ലാതെ പൊട്ടിപ്പോകുന്ന അമുദവൻ ഇന്ത്യൻ സിനിമാചരിത്രത്തിലെ വേറിട്ട അച്ഛനും കഥാപാത്രവുമാകുന്നു. അതേ അച്ഛനാണ് മകൾക്കായി പുരുഷവേശ്യയെ തേടുന്നത് എന്നറിയുമ്പോൾ കഥാപാത്രത്തിന്റെ സങ്കീർണ്ണത ബോധ്യമാകുമായിരിക്കും.

അനതിസാധാരണമായ മനുഷ്യസ്നേഹത്തിന്റെയും, ഹൃദയബന്ധത്തിന്റേയും  കഥ പറയുന്ന സിനിമയില്‍ പാപ്പാ എന്ന കുട്ടിയായി സാധന അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചില രംഗങ്ങളിൽ മമ്മൂട്ടിക്കുമപ്പുറം. ശാരീരികമായ വെല്ലുവിളിയായ സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം നേരിടുന്ന കഥാപാത്രത്തിനായി ഈ പെണ്‍കുട്ടി ചെയ്തത് ശ്രമകരമായ സമര്‍പ്പണമാണ്. ഒപ്പം ട്രാന്ഡസ്ജെന്‍ഡര്‍ നായികയായി എത്തുന്ന അഞ്ജലി അമീറുമെല്ലാം ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇതിഹാസം രചിക്കുകയാണ്.

തേനി ഈശ്വറിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. മുന്‍പറഞ്ഞതുപോലെ പ്രകൃതിക്ക് വലിയ പ്രാധാന്യമുള്ള ആഖ്യാനവഴികളിൽ ചില അധ്യായങ്ങളുടെ കാഴ്ചാനുഭവം മുന്‍പത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അധ്യായങ്ങളുടെ പേരുകള്‍ മാറുന്നതിനനുസരിച്ച് പലപ്പോഴും കഥ നടക്കുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമൊക്കെ മാറി മാറി വരുന്നുണ്ട്. മലനിരകളില്‍ നിന്ന് നഗരത്തിന്റെ ഒത്ത നടുവിലേക്ക് എത്തുന്നുണ്ട് ഈ ആഖ്യാനപരിസരവും. ഈ മാറ്റങ്ങളെ ഇടര്‍ച്ചകളില്ലാത്ത ഒറ്റ ഒഴുക്കായി അവതരിപ്പിച്ചിട്ടുണ്ട് ഛായാഗ്രാഹകന്‍ തേനി ഈശ്വറും എഡിറ്റര്‍ സൂര്യ പ്രഥമനും ചേര്‍ന്ന്. ഇളയരാജയുടെ എണ്‍പതുകളിലെ പല ഈണങ്ങളെയും ഓര്‍മിപ്പിക്കന്നുവെങ്കിലും അമുദവന്റെ ജീവിതഗാഥയോട് ചേര്‍ന്ന് തന്നെയാണ് മകൻ യുവൻശങ്കർ രാജയുടെയും ഈണങ്ങളുടെ ഒഴുക്ക്.   

ചുരുക്കത്തിൽ, നമ്മുടെ  ആസ്വാദനാഭിരുചിയുടെ നടന്നുപഴകിയ വഴികളെ അപ്പാടെത്തന്നെ,   തല്‍ക്കാലത്തേക്കെങ്കിലും പൊളിച്ചടുക്കി പുതുക്കിയെടുക്കാന്‍ തക്ക ഉൾകാമ്പുണ്ട് ഈ മനുഷ്യജീവിതഗാഥയ്ക്ക്. പേരന്പ് ചലച്ചിത്ര വിദ്യാർത്ഥികളും സിനിമാസ്വാദകരും കാണാന്‍ വിട്ടുപോകരുതാത്ത ചിത്രമാണെന്ന് മാത്രം ഹൃദയത്തിൽത്തൊട്ടു സാക്ഷ്യപ്പെടുത്തട്ടെ.

ഭാഷ ഏതായാലും തിരക്കഥകളിലെ നെല്ലും പതിരും വേര്‍തിരിച്ചു, ആരാധക വിഡ്ഢികളുടെ കയ്യടിക്കുവേണ്ടിയല്ലാത്ത മികച്ച സിനിമകളില്‍, മുകളില്‍ ഡെറിക് മാല്‍കം പറഞ്ഞതുപോലെയുള്ള കാമ്പുള്ള പ്രകടനങ്ങള്‍ നടത്തുവാന്‍ മമ്മൂക്കയ്ക്കാവട്ടെ..! ശുഭാശംസകൾ…!!