ആ അവധി നായർ സമുദായത്തിന് വൈകാരിക വിഷയം; സർക്കാരിന് നിസാരകാര്യം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്

single-img
2 February 2019

പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് മുഖപത്രമായ സർവീസിൻ്റെ മുഖപ്രസംഗത്തിലാണ്  സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സർക്കാരിൽനിന്നും എൻഎസ്എസ് അനധികൃതമായി ഒന്നും വാങ്ങിയിട്ടില്ല . എന്താണ് അനധികൃതമായി വാങ്ങിയത് എന്ന് ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കുന്നതുമില്ലെന്നും   എൻഎസ്എസ് പറയുന്നു. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താല്പര്യക്കാരാണെന്നും ആരോപിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിൽനിന്നും പലതും നേടിയെടുത്ത ശേഷമാണ് എൻഎസ്എസ് ചുവടുമാറ്റി ചവിട്ടുന്നതെന്ന ആരോപണങ്ങൾ ഇടതു നേതൃത്വത്തിൽനിന്ന് ഉയർന്നിരുന്നു.  ഇതിനു മറുപടിയായാണ് മുഖപ്രസംഗത്തിലൂടെ എൻഎസ്എസ് നൽകിയിരിക്കുന്നത്. അർഹതയിൽ കവിഞ്ഞൊന്നും പിടിച്ചുപറ്റാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഒരു സർക്കാരിനോടും ഒന്നും ആവശ്യപ്പെടുകയോ ഒന്നും വാങ്ങുകയോ ചെയ്തിട്ടില്ലെന്നും  മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. സമുദായ ആചാര്യൻ മന്നത്തുപദ്മനാഭൻ ജന്മദിനമായ ജനുവരി 2 വളരെ വൈകിയാണ് യുഡിഎഫ് ഗവൺമെൻറ് പൊതു അവധിയായി പ്രഖ്യാപിച്ചത്. അത് നെഗോഷ്യബിൾ ഇൻട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധിയാക്കി തരണമെന്ന് ഉള്ള ആവശ്യം മാത്രമേ എൻഎസ്എസ് ഉന്നയിച്ചിട്ടുള്ളുവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ നായർ സമുദായത്തിന് വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻഎസ്എസിൻ്റെ ഈ ആവശ്യത്തെ സർക്കാർ നിരസിക്കുകയായിരുന്നുവെന്നും മന്നത്ത് പദ്മനാഭനെ നവോത്ഥാന നായകനായി ഇപ്പോൾ സർക്കാർ വിശേഷിപ്പിക്കുന്നതിന്റെ ഉള്ളിലെ പൊള്ളത്തരമാണ് ഈ വിഷയത്തിലൂടെ പുറത്തുവരുന്നതെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.