തച്ചങ്കരിയെ ഓടിച്ചതിനു പിന്നാലെ കെഎസ്ആർടിസി ഭരണം യൂണിയനുകൾ ഏറ്റെടുത്തു; ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ വീതം വച്ചു തുടങ്ങി

single-img
2 February 2019

തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെഎസ്ആർടിസി കെഎസ്ആർടിസി ജീവനക്കാരുടെ ജോലിക്കാര്യത്തിൽ അഴിച്ചുപണി.  സമ്മർദ്ദം ചെലുത്തി തച്ചങ്കരിയെ നീക്കിയതിന് പിന്നാലെയാണ് ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചത്. അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദേശം നൽകിയതായാണ്  റിപ്പോർട്ടുകൾ.

ഇതിൻ്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങിക്കഴിഞ്ഞു. തച്ചങ്കരി മേധാവിയായിരുന്ന കാലത്ത് നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തിയിരുന്നു. നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെയ്ക്കുകയായിരുന്നു.

തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. സംഘടനാനേതൃത്വത്തിന്റെ കടുത്ത സമർദത്തെത്തുടർന്നാണ് സർക്കാർ തച്ചങ്കരിയെ മാറ്റിയത്.

നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എംജി രാജമാണിക്യം മേധാവിയായപ്പോഴാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയിരുന്നു.