ബിജെപിയിലെ ഗ്രൂപ്പ് തർക്കം കാരണം കേന്ദ്ര നേതൃത്വം പൊറുതിമുട്ടി; ജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇനി അമിത് ഷാ തീരുമാനിക്കും

single-img
2 February 2019

ബിജെപിയിലെ ഗ്രൂപ്പ് തർക്കം കാരണം കേന്ദ്ര നേതൃത്വം പൊറുതിമുട്ടി മുട്ടിയതായി സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുമധികം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തങ്ങൾ നിശ്ചയിച്ചുകൊള്ളാമെന്ന് അമിത് ഷാ കേരള ഘടകത്തെ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക. ഈ മൂന്ന് സീറ്റുകളിലും പല പേരുകളും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും വിജയ സാദ്ധ്യതയുള്ള മൂന്നുപേരെ ദേശീയ നേതൃത്വം കണ്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. മറ്റ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ തവണ 15,000 വോട്ടിന് രണ്ടാം സ്ഥാനത്തായ തിരുവനന്തപുരം മണ്ഡലത്തിൽ ഇക്കുറി വിജയസാദ്ധ്യത ഏറെയാണെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ഇതോടൊപ്പം ശബരിമല പ്രക്ഷോഭം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പത്തനംതിട്ട മണ്ഡലം, നിയമസഭാ തിര‌ഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുനേടുകയും ശബരിമല പ്രക്ഷോഭത്തിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത തൃശൂർ ജില്ലയിലും ഇക്കുറി വിജയിച്ച് കയറുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം നീങ്ങുന്നത്‌.