അമേരിക്കയില്‍ ജനജീവിതം ദുസ്സഹമായി; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തില്‍

single-img
1 February 2019

കൊടും തണുപ്പില്‍ അമേരിക്ക വിറയ്ക്കുന്നു. ഇല്ലിനോയി, മിനസോട്ട, അയോവ തുടങ്ങി മിഡ് വെസ്റ്റ് സ്റ്റേറ്റുകളില്‍ അന്റാര്‍ട്ടിക്കയിലെക്കാള്‍ തണുപ്പാണ്. തടാകങ്ങളും നദികളും തണുത്തുറഞ്ഞു. ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന ശീതക്കാറ്റ് അഥവാ പോളാര്‍ വെര്‍ട്ടക്‌സ് ആണു ഈ കൊടും തണുപ്പിനു പിന്നില്‍. മിനസോട്ടയില്‍ മൈനസ് 45 മുതല്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താപനില താഴ്ന്നു. 1800കളിലാണു ഇത്രയും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.

നിരവധി മലയാളികള്‍ താമസിക്കുന്ന ഷിക്കാഗോയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ്. കടുത്ത മഞ്ഞു വീഴ്ചയും ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. വ്യാഴാഴ്ച രാവിലെ ഷിക്കാഗോയിലെ താപനില മൈനസ് 21 ഡിഗ്രിയായിരുന്നു.

1985 ജനുവരി 20നാണ് ഷിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനിലയില്‍ എത്തിയത്. അതിനേക്കാള്‍ കേവലം ഒന്‍പത് ഡിഗ്രിസെല്‍ഷ്യസ് മാത്രം വ്യത്യാസമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഡക്കോട്ട മുതല്‍ പെന്‍സില്‍വാനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ 50 മില്യനിലധികം ജനങ്ങളെ അതിശൈത്യം ബാധിച്ചു. ഇതുവരെ 11 മരിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇല്ലിനോയി, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശവാസികളോട് വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും, സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും ജനങ്ങള്‍ക്ക് അയോവയയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് അതിശൈത്യമുണ്ടാക്കിയേക്കാവുന്ന അപകടത്തിന്റെ രൂക്ഷത വിളിച്ചോതുന്നു.

ഇത്തരത്തില്‍ അമേരിക്കയില്‍ പൂജ്യത്തില്‍ താഴെയുള്ള താപനിലയില്‍ 55 ദശലക്ഷത്തോളം ആളുകള്‍ കഴിയേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, തണുപ്പിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. തണുപ്പേറിയ പ്രദേശത്ത് പ്രതിരോധിക്കുന്ന വേഷങ്ങള്‍ ഇല്ലാതെ 10 മിനിട്ട് ഇരുന്നാല്‍ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന ശീതക്കാറ്റ് അഥവാ പോളാര്‍ വെര്‍ട്ടക്‌സ് എന്ന പ്രതിഭാസമാണ് ഈ കൊടും തണുപ്പിനു പിന്നില്‍. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്കു സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ മേഖലയാണ് പോളാര്‍ വോര്‍ട്ടെക്‌സ്. ആര്‍ട്ടിക് മേഖലയില്‍നിന്നുവരുന്ന ഈ തണുത്ത കാറ്റാണ് കൊടും തണുപ്പിന് കാരണം.

അതിനിടയില്‍ ഷിക്കാഗോയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സൂചനയുണ്ട്. വില കൂടിയ ജാക്കറ്റുകള്‍ തോക്കു ചൂണ്ടി മോഷ്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. അമേരിക്കയില്‍ ആയിരത്തിലധികം വിമാന സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയില്‍ റദ്ദാക്കി. മിഡ്വെസ്റ്റ് മേഖലയില്‍ ആയിരക്കണക്കിനു സ്‌കൂളുകളും, ബിസിനസ് സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.