ആശുപത്രിക്കിടക്കയില്‍ ഷൂട്ടിംഗിന് പോകണമെന്ന് വാശിപിടിച്ച് നടന്‍ ശ്രീനിവാസന്‍

single-img
1 February 2019

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍ ഷൂട്ടിംഗിന് പോകണമെന്ന് വാശിപിടിച്ചതായി സംവിധായകന്‍ സ്റ്റാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ ശ്വാസോച്ഛാസം ശരിയായ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ഇന്നലെ സ്റ്റാജന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്‌സിജന്‍ ട്യൂബ് മാറ്റി. 24 മണിക്കൂര്‍ ഒബ്‌സര്‍വഷന്‍ തുടരും. ശ്രീനിച്ചേട്ടന്‍ വിമലടീച്ചറോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു. വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണമുണ്ട്. കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.’ സ്റ്റാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബുധനാഴ്ച രാവിലെയാണ് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.