‘നിന്റെ അഭ്യാസമൊന്നും നടക്കില്ല; നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്’: കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ എത്തിയ അമ്മയെ ‘തെറി വിളിച്ച്’ അധ്യാപകര്‍; എറണാകുളത്തെ സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ

single-img
1 February 2019

‘കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ എത്തിയ അമ്മയെ തെറി വിളിച്ച് അധ്യാപകര്‍’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവുന്നു. എറണാകുളം വാളകം സ്‌കൂളിലാണ് സംഭവം നടന്നത് എന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.

പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല. ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അധ്യാപകര്‍ രൂക്ഷമായി പെരുമാറുകയായിരുന്നുവെന്നാണ് ആരോപണം.

നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അധ്യാപകര്‍ ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്‌മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നും അധ്യാപകന്‍ പറയുന്നുണ്ട്.

അടുത്ത് നിന്ന ഒരാള്‍, ഇതൊരു സ്‌കൂള്‍ അല്ലേ, അധ്യാപകര്‍ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അധ്യാപകര്‍ പറയുന്നുണ്ട്. ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ഇവര്‍ ആക്രോശിക്കുന്നുണ്ട്. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവര്‍ അലറിവിളിക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വശത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ആരുംതന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാളകത്തു സ്കൂളിൽ കുട്ടിയുടെ പഠനം വിലയിരുത്തൽ നടത്തിയ മാതാവിന്റെ അവസ്ഥ.

Posted by Satheesh Kumar on Thursday, January 31, 2019