‘പ്രിയപ്പെട്ട നമോ, നിങ്ങളുടെ ഭരണം കര്‍ഷകരുടെ ജീവിതം തകര്‍ത്തു; അതിനുശേഷം അവര്‍ക്ക് പ്രതിദിനം 17 രൂപ നല്‍കുന്നത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യം’

single-img
1 February 2019

രാജ്യത്തെ കര്‍ഷകര്‍ക്ക് 6000 രൂപ പ്രതിവര്‍ഷം വരുമാനം ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിദിനം കര്‍ഷകര്‍ക്ക് 17 രൂപയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രിയപ്പെട്ട നമോ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിങ്ങളുടെ ഭരണം രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തെ തകര്‍ത്തു. അതിന് ശേഷം അവര്‍ക്ക് പ്രതിദിനം 17 രൂപ നല്‍കുന്നത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

അതേസമയം, കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതൃസംഗമത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിക്കും, മോദി സര്‍ക്കാരിനും വരുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരിക കര്‍ഷകരില്‍ നിന്നായിരിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു നേതൃത്വം. അതുകൊണ്ടു തന്നെ കര്‍ഷകരെ ബി.ജെ.പി സര്‍ക്കാരിനെതിരെ പരമാവധി തിരിച്ച് വിടുക എന്നതുമായിരുന്നു പ്രതിപക്ഷം പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമായി കരുതിയിരുന്നതും.

എന്നാല്‍ ഇടക്കാല ബജറ്റ് അവതരണത്തില്‍ 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന കിസാന്‍ സമ്മാന്‍ നിധിയാണ് പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ പീയൂഷ് ഗോയല്‍ ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും പാര്‍ലമെന്റിനെ അറിയിച്ചു.

കോടീശ്വരന്‍മാര്‍ക്ക് നിലകൊള്ളുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിച്ചില്ല എന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. ഈ ആരോപണത്തെ പുതിയ പ്രഖ്യാപനം കൊണ്ട് നേരിടാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.