മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപന പെരുമഴയായി

single-img
1 February 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയല്‍ ജനപ്രിയ പദ്ധതികള്‍ ആവോളം ഉള്‍ക്കൊള്ളിച്ചാണ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ലയെന്നതാണ് ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് കോടി പേര്‍ക്ക് പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. പീയൂഷ് ഗോയലിന്റെ പ്രഖ്യാപനങ്ങളെ ‘മോദി മോദി’ വിളികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ ടിഡിഎസ് ഉണ്ടാകില്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്.

15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയര്‍ത്തി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക.

ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.

മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റില്‍ ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25ന് ആയിരന്നു നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല.

ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ മോദിയുടെ ആയുഷ്മാന്‍ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വന്‍ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ പദ്ധതിയുമായി സഹകരിക്കാത്തത്.

കേന്ദ്ര ഇടക്കാല ബജറ്റില്‍ റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു.

ഹൈസ്പീഡ് ട്രെയിനുകള്‍, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുന്നത്. കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകള്‍ രാജ്യത്തില്ലാതായെന്നും ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. വടക്കു കിഴക്കന്‍ മേഖലകളിലേക്ക് റെയില്‍വേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയില്‍വേ മാപ്പില്‍ വന്നു. സര്‍വീസ് നടത്തുന്ന 100 വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ട്. റെയില്‍വേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റര്‍ റോഡ് നിര്‍മിക്കപ്പെടുന്നുണ്ട്.