നിങ്ങള്‍ ശ്രദ്ധയില്ലാത്ത അമ്മയെന്ന കമന്റിന് ചുട്ട മറുപടി നല്‍കി കരീന

single-img
1 February 2019

സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടത്തിലും വിമര്‍ശനത്തിലും സ്ഥിരമായി വേട്ടയാടപ്പെടുന്ന താരമാണ് കരീനകപൂര്‍. മകന്‍ തൈമുര്‍ ജനിച്ചശേഷം ഈ പ്രവണത ഇരട്ടിയായെന്നും പറയാം. തൈമൂറിനൊപ്പം എവിടെപ്പോയാലും കാമറകള്‍ പിന്തുടരുന്നു. സമൂഹമാധ്യമത്തില്‍ കരീന മകനെ നോക്കുന്നതിനെച്ചൊല്ലി പലരും അപഹസിക്കാറുമുണ്ട്.

മകനെ നോക്കാന്‍ വേലക്കാരിയെവെച്ചതുള്‍പ്പടെയുള്ളത് വിമര്‍ശനവിധേയമായിട്ടുണ്ട്. സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലിഖാനും കരീനയും ഒരുമിച്ച് പങ്കെടുത്ത ഒരു ടിവിഷോയിലാണ് ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെ കരീന ആദ്യമായി മനസ്തുറന്നു സംസാരിച്ചത്.

ഏറ്റവുമധികം ആലോസരമുണ്ടാക്കിയ കമന്റ് ഏതായിരുന്നു, അതിന് മറുപടി നല്‍കിയോ എന്ന ചോദ്യമാണ് കരീനയ്ക്ക് നേരെ നീണ്ടത്. തന്നെ ശ്രദ്ധയില്ലാത്ത അമ്മയെന്ന് കളിയാക്കുന്നതാണ് ഏറെ അസഹനീയമായി തോന്നിയതെന്ന് കരീന പറഞ്ഞു. തൈമൂറിനൊപ്പം ഒരു പ്രൈവെറ്റ് ജെറ്റില്‍ കയറാന്‍ പോകുന്ന ചിത്രത്തിന് താഴെ, മകനെ നാനിയെ ഏല്‍പ്പിക്കാന്‍ നാണമില്ലേ? നിങ്ങളിത്ര അശ്രദ്ധയുള്ള അമ്മയാണോയെന്ന് ചോദിച്ചത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് കരീന തുറന്നുപറഞ്ഞു.

അതിന് അപ്പോള്‍ തന്നെ മറുപടിയും നല്‍കി, എന്റെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാതെ എന്നെ വിധിക്കാന്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് നേരെ എന്റെ മനസില്‍ നടുവിരല്‍ ഉയര്‍ത്തിയെന്നാണ് താന്‍ നല്‍കിയ മറുപടിയെന്നും മറയില്ലാതെ കരീന പറഞ്ഞു.