24 കാരിയായ ടെക്കി യുവതിയും സുഹൃത്തുക്കളും ചേർന്ന് മരപ്പണിക്കാരനായ യുവാവിനെ തട്ടികൊണ്ടുപോയി

single-img
1 February 2019

24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേർന്ന് മരപ്പണിക്കാരനായ യുവാവിനെ തട്ടികൊണ്ടുപോയതായി പരാതി. ഹൈദരാബാദിലാണ് സംഭവം. സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് അടുത്തുള്ള ആശുപത്രിയിൽ എത്തി അഡ്മിറ്റായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാരാണ് പോലീസിനെ അറിയിച്ചത്. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് യുവതിയ്ക്കും സുഹൃത്തുക്കൾക്കും എതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

യുവതിയെ ശല്യം ചെയ്തതിനെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മരപ്പണിക്കാരനായ യുവാവ് സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളയച്ചും, ഫോണിൽ വിളിച്ചും ശല്യം ചെയ്യുക പതിവായിരുന്നു. നിരവധി തവണ യുവതി യുവാവിനെ വിലക്കിയതുമാണ്.

സുഹൃത്തിന്റെ വീട്ടിൽ ആശാരിപ്പണിക്ക് പോയപ്പോഴാണ് യുവാവ് യുവതിയെ ആദ്യമായി കാണുന്നത്. പിന്നീട് ഫോൺ നമ്പർ സംഘടിപ്പിച്ചശേഷം യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. വിലക്കിയിട്ടും യുവാവിന്റെ മനോഭാവത്തിൽ മാറ്റമില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോയത്.

യുവതിയും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി സെക്കന്തരാബാദിലുള്ള കോളേജിന്റെ സമീപത്തേക്ക് വരാൻ യുവതി ആവശ്യപ്പെട്ടു. ഇതു പ്രകാരം യുവാവ് എത്തിയപ്പോൾ യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദ്ദിച്ചു. തുടർന്ന് യുവതിയുടെ സുഹൃത്തുക്കൾ മാൽക്കജ്ഗിരി എന്ന സ്ഥലത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് യുവാവിനെ ബൈക്കിൽ കയറ്റി എത്തിച്ച ശേഷം വീണ്ടും മർദ്ദിച്ചു. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.