നോട്ട് നിരോധിച്ച വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂ; മോദിയെ പരിഹസിച്ച് പി ചിദംബരം

single-img
1 February 2019

നോട്ട് നിരോധിച്ച വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ‘നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.’ ചിദംബരം ട്വീറ്റ് ചെയ്തു.

നോട്ടു നിരോധനത്തിനുശേഷം 2017-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷെന്റ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ലെന്നും ഓരോ മൂന്നു മാസത്തെയും സ്ഥിതി വിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ന്യായീകരിച്ചിരുന്നു. നോട്ട് നിരോധിച്ച വര്‍ഷം തൊഴിലില്ലായ്മ കൂടിയെങ്കില്‍ എങ്ങനെ ഇന്ത്യക്ക് ആ വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.