ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി; റിട്ടേണുകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും; റീഫണ്ടും ഉടന്‍; എട്ടു കോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും; ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍

single-img
1 February 2019

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രിയുടെ ചുമതലയുള്ള പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. 40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു മന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയര്‍ത്തി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.

എട്ടു കോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും. അടുത്ത 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും. ഗ്രാറ്റ്വിറ്റി പരിധി 10 ലക്ഷത്തില്‍നിന്നു 30 ലക്ഷമാക്കി. നികുതി റിട്ടേണ്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും. റീഫണ്ടും ഉടന്‍.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.

എല്ലാവര്‍ക്കും കക്കൂസ്, കുടിവെള്ളം, വൈദ്യുതിയെത്തിച്ചു. ഭീകരവാദം തുടച്ചു നീക്കിയെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു. രണ്ടക്ക വിലക്കയറ്റ നിരക്ക് കുറച്ചു കൊണ്ടുവന്നു. 201014 കാലത്ത് വിലക്കയറ്റ നിരക്ക് 10.9 ആയിരുന്നു. 4.6 ആണ് ഇപ്പോഴത്തെ ശരാശരി പണപ്പെരുപ്പ നിരക്ക്. 2.9 ആയിരുന്നു 2018ലെ പണപ്പെരുപ്പ നിരക്ക്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം ഉയര്‍ത്തി. 239 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം കൊണ്ടുവന്നു.

ബാങ്കുകളുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൊതുജനങളോട് വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. 3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിടിച്ചെടുത്തതായും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി അവകാശപ്പെട്ടു. ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി. റിയല്‍ എസ്റ്റേറ്റ് രംഗം നിയമം വഴി സുതാര്യമാക്കി. വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. 98 ശതമാനം ഗ്രാമങ്ങളിലും തുറന്നയിടങ്ങളിലെ മലവിസര്‍ജനം ഇല്ലാതാക്കി.

സ്വച്ഛ് ഭാരത് അഭിയാന്‍ ജനങ്ങളുടെ പെരുമാറ്റ രീതി തന്നെ മാറ്റിമറിച്ചു. ദലിത് സംവരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുന്നാക്കക്കാരിലെ ദരിദ്രര്‍ക്കും സംവരണം കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വ്യാപിപ്പിക്കാന്‍ രണ്ട് ലക്ഷം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ഗ്രാം സടക് യോജന മൂന്നിരട്ടിയാക്കി വ്യാപിപ്പിച്ചു. 19000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരെയും വെറുതെവിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ നയമെന്നു മന്ത്രി പറഞ്ഞു.