ഹോട്ടലിലെ ചേച്ചി പറഞ്ഞു, അവന്‍ ആണ്‍കുട്ടി അല്ലേ മോളേ…; ഒടുവില്‍ വാല്‍ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്: പൊരിച്ച മീനും ഫെമിനിസവും ചര്‍ച്ചയാക്കി ഡോക്ടര്‍ അജിത്ര ജെറാള്‍ഡ്

single-img
1 February 2019

നടി റിമ കല്ലിങ്കലിന്റെ ഫെമിനിസവും പൊരിച്ചമീനും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ സമാനമായ വിവേചനം നേരിട്ടിരിക്കുകയാണ് ഡോക്ടര്‍ അജിത്ര ജെറാള്‍ഡിന്. പെണ്ണായതിന്റെ പേരില്‍ കാന്റീനില്‍ തനിക്ക് നിഷേധിക്കപ്പെട്ട പൊരിച്ചമീനിന്റെ വാല്‍ഭാഗത്തെക്കുറിച്ചാണ് അജിത്രയുടെ സരസമായ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പൊരിച്ച മീനും ഫെമിനിസവും

ഇന്ന് ക്യാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയി പൊരിച്ച മീന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കാന്റീനിലെ ചേച്ചി മീനിന്റെ തല ഭാഗം കൊണ്ട് തന്നു.. തല ഭാഗം വേണ്ട വാല്‍ ഭാഗം മതിയെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്ന് ചേച്ചി പറഞ്ഞു. എതിരെ ഇരിക്കുന്ന ചെക്കന്റെ പാത്രത്തില്‍ ദാ ഇരിക്കുന്നു വാല്‍കഷ്ണം. അത് ചൂണ്ടി കാണിച്ചപ്പോള്‍ ചേച്ചി പറയുവാ അവന്‍ ആണ്‍കുട്ടി അല്ലെ മോളെ എന്ന്.

ഒരുമിച്ച് പഠിച്ച് ഒരേ ജോലി ചെയ്യുന്ന ഒരേ ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആയത് കൊണ്ട് എനിക്ക് തല ഭാഗവും നല്ല ഭാഗം ആണ്‍കുട്ടിക്കും. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീടുകളില്‍ ഒക്കെ ഇങ്ങനെ തന്നെ അല്ലേ മോളെ എന്ന്. ശരിയാണല്ലോ പെണ്ണ് ആയത് കൊണ്ട് പൊരിച്ച മീന്‍ കഴിക്കാന്‍ അവകാശം ഇല്ലാത്തവരെ നേരിട്ട് അറിയാം. സ്വന്തം ക്യാഷ് കൊടുത്ത് ഭക്ഷണം വാങ്ങാന്‍ ചെന്ന എനിക്ക് ഈ അവസ്ഥ.. എന്നാ പിന്നെ വീട്ടില്‍ തന്നെ ഇരിക്കുന്ന വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ പറയണോ.

ഭര്‍ത്താവിന് മീന്‍ കഷ്ണവും ഭാര്യക്ക് മീന്‍ ചാറും കൊടുക്കുന്ന അമ്മായി അമ്മമാരുടെ കഥ കുറെ കേട്ടിട്ടുണ്ട്.. എന്തായാലും 5 മിനുട്ടോളം ചര്‍ച്ച ചെയ്തത് വാല്‍ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്. പക്ഷേ ചൊരത്തിളപ്പ് ഇത് വരെ മാറിയിട്ടില്ല. ഭാഗ്യത്തിന് പണ്ടെ ഞാന്‍ ഫെമിനിസ്റ്റ് ആണ്.. ഇല്ലായിരുന്നെങ്കില്‍ ഒരു പൊരിച്ച മീന്‍ ആണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു.. തീന്‍മേശയില്‍ വരെ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ 2 മത്തി മേടിച്ച് കൊടുത്താല്‍ മതിയായിരുന്നു എന്ന് ആങ്ങളമാര്‍ പറഞ്ഞേനെ.

പൊരിച്ച മീനും ഫെമിനിസംവും‌ഇന്ന് ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോയി പൊരിച്ച മീൻ ഓർഡർ ചെയ്തപ്പോൾ കാന്റീനിലെ ചേച്ചി…

Posted by Ajithra Jerald on Wednesday, January 30, 2019