രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍: പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് പുറത്ത്; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
31 January 2019

രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്നു റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. 2017-18 വര്‍ഷത്തെ കണക്കനുസരിച്ച് മുന്‍ വര്‍ഷത്തേക്കാള്‍ 6.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മയില്‍ സംഭവിച്ചിരിക്കുന്നതെന്നു ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് ഈ റിപ്പോര്‍ട്ട് ഡിസംബറില്‍തന്നെ കൈമാറിയെങ്കിലും ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ രണ്ടു പേര്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്.

ഇടക്കാല ബജറ്റിന് തൊട്ടുമുമ്പായി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത് മൂര്‍ച്ചയേറിയ ആയുധം കൂടിയാണിത്. ഇതിന് മുമ്പ് 1972-73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ (5.3%) തൊഴിലില്ലായ്മയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോര്‍ഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത് കാര്യമായ ക്ഷീണമുണ്ടാക്കുമെന്നുള്ളത് കൊണ്ടാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടിലെ പ്രസക്തമായ പത്തു കാര്യങ്ങള്‍:

  • 1972-73 കാലഘട്ടത്തിലാണ് ഇതിന് മുന്പ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുള്ളത്.
  • 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഈ കാലത്ത് യുവാക്കളുടെ തൊഴില്‍ നിരക്ക് 13 ശതമാനത്തില്‍നിന്ന് 17 ശതമാനമായി ഉയര്‍ന്നു.
  • രാജ്യത്തെ ഗ്രാമീണ മേഖലയെ (5.3%) അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ കൂടുതല്‍.
  • മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ റിക്കാര്‍ഡിലെത്തി.
  • മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ പ്രാതിനിധ്യം കുറയ്ക്കുന്നു.
  • നോട്ട്‌നിരോധനത്തിനുശേഷം ആദ്യമായി പുറത്തുവരുന്ന തൊഴില്‍ സര്‍വേയാണ് നാഷണല്‍ സാന്പിള്‍ സര്‍വേ.
  • രാജ്യത്തിന്റെധ സാന്പത്തിക വളര്‍ച്ച പോലുള്ള കണക്കെടുപ്പുകളില്‍ നിശ്ചിത മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാനും കണക്കിന്റെ വിശ്വാസ്യത സംരക്ഷിക്കാനും അധികാരപ്പെട്ടതാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍.
  • നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ പി.സി. മോഹനനും ജെ.വി. മീനാക്ഷിയും രാജിവച്ചിരുന്നു.
  • കമ്മീഷനെ കേന്ദ്രം ഗൗരവത്തോടെ കാണുന്നില്ലെന്നും തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെന്നും പി.സി. മോഹനന്‍ കുറ്റപ്പെടുത്തി.
  • നീതി ആയോഗും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും കൂടിയാണ് ഇതിനു പകരം തിരുത്തിയ കണക്ക് അവതരിപ്പിച്ചത്.