നടന്‍ ജയന്റെ മരണം: ദുരനുഭവം പറഞ്ഞ് ഷാനവാസ്

single-img
31 January 2019

നടന്‍ ജയനുമായി പ്രേം നസീറിനും കുടുംബത്തിനും അഗാധമായ അടുപ്പമുണ്ടായിരുന്നുവെന്ന് മകന്‍ ഷാനവാസ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് മനസ്സു തുറന്നത്. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്നും അവസാനം നസീര്‍ ഇടപെട്ടുവെന്നും ഷാനവാസ് പറയുന്നു.

മദ്രാസില്‍ ഷൂട്ടിങ്ങിന് വന്നാല്‍ ജയന്‍ ഞങ്ങളുടെ വീട്ടിലേക്കാണ് ആദ്യം വരിക. രാവിലെ വന്നാല്‍ പ്രാതല്‍ കഴിക്കും. പിന്നീട് എന്റെ ഫാദര്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ വിടും. അങ്ങനെ ഞാനും ജയനും തമ്മില്‍ വല്ലാതെ അടുത്തു. ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു.

നസീറിന്റെ വലതുകൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസിലുണ്ടായിരുന്നു. ഫാദര്‍ കേരളത്തില്‍ ഏതോ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അദ്ദേഹത്തിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യമുണ്ടായിരുന്നു. എന്നെ വിളിച്ചുപറഞ്ഞു, നീ എല്ലാ കാര്യവും നോക്കണേ എന്ന്.

അന്ന് തമിഴ്‌നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു. ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ യാതൊരു നടപടിയും എടുത്തില്ല. അവര്‍ പണം മുടക്കാന്‍ തയ്യാറായില്ല. ഞാനത് ഫാദറിനോട് വിളിച്ചുപറഞ്ഞു.

അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എനിക്ക് ജയനെ ഇവിടെ കാണണം. എത്ര പണമായാലും വേണ്ടില്ല ജയന്റെ മൃതദേഹം നാട്ടിലെത്തിക്കണം എന്ന് എന്നോടുപറഞ്ഞു. ഞാന്‍ അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് തയ്യാറായപ്പോഴേക്കും ഈ സംഘാടകരെല്ലാം അതില്‍ കയറി. ഞങ്ങള്‍ പുറത്തായി, ഷാനവസ് പറയുന്നു.

1981ല്‍ കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ജയന്‍ മരിച്ചത്. സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്നം വീണുണ്ടായ അപകടത്തിലായിരുന്നു മരണം.