ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല: രോഹിത് ശര്‍മ്മ

single-img
31 January 2019

കിവീസിനെതിരായ നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 92 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അതിനുള്ളില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കെതിരെ ഏകദിനത്തില്‍ എതിര്‍ ടീം കൂടുതല്‍ പന്തുകള്‍ ബാക്കിനിര്‍ത്തി ജയിച്ചു എന്നതാണ് ഇന്ത്യക്ക് ക്ഷീണമാകുന്നത്. 212 പന്തുകള്‍ ബാക്കിയിരിക്കെയാണ് ഇന്നത്തെ ന്യൂസിലാന്‍ഡിന്റെ ജയം.

ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ നിന്നുണ്ടായ ഏറ്റവും മോശം പ്രകടനമാണ് ന്യൂസിലാന്‍ഡിതിരായ നാലാം ഏകദിനത്തില്‍ സംഭവിച്ചതെന്ന് നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ കളിയില്‍ ഇങ്ങനെ സംഭവിക്കും, ന്യൂസിലാന്‍ഡിന്റെ ബൗളര്‍മാര്‍ക്കാണ് ക്രെഡിറ്റ്, ആദ്യ മൂന്ന് മത്സരത്തിലെ തോല്‍വിക്ക് ശേഷം ബൗളര്‍മാരിലൂടെ അവര്‍ ജയിച്ചുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

തോല്‍വിയില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്, ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ബാറ്റിങ് യൂണിറ്റ് മനസിലാക്കേണ്ടിയിരുന്നു, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അങ്ങനെയൊന്നിന് കഴിഞ്ഞില്ലെന്നും’ രോഹിത് കൂട്ടിച്ചേര്‍ത്തു.