മോദിയുടെ തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ഗാന്ധി

single-img
31 January 2019

പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം ദേശീയ ദുരന്തമായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്ന് പോവുകയാണ്. ആറര കോടി യുവാക്കള്‍ 2017-18 ല്‍ മാത്രം തൊഴില്‍ രഹിതരായി. മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി. നരേന്ദ്ര മോദിയെന്ന ഫഹ്‌റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാഹുലിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. രാഹുല്‍ വിഷയത്തെ ശരിയായ വിധത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്ന് ബി.ജെ.പി പറഞ്ഞു. തൊഴില്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ(ഇ.പി.എഫ്.ഒ) റിപ്പോര്‍ട്ടില്‍ തൊഴില്‍ സൃഷ്ടിയില്‍ വലിയ വര്‍ധനവുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കി. തൊഴിലില്ലായ്മ ഉയര്‍ന്ന അളവിലാണെന്ന റിപ്പോര്‍ട്ടിലെ അവകാശവാദം വ്യാജമാണെന്നും ബി.ജെ.പി ആരോപിച്ചു.