കാര്‍, ബൈക്ക്, മദ്യം, സിനിമാടിക്കറ്റ്, സിമന്റ്, ടൂത്ത് പേസ്റ്റ്, ഏസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍, പാക്കറ്റ് ഭക്ഷണം വിലകൂടും; കെട്ടിടങ്ങളുടെ ആഡംബര നികുതി കൂട്ടി

single-img
31 January 2019

പ്രളയം കേരളത്തിലുണ്ടാക്കിയ തകര്‍ച്ച മറികടക്കുന്നതിനായി പ്രത്യേക സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. ജി.എസ്.ടിയില്‍ 12, 18, 28 നികുതി നിരക്കുകളില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം നിരക്കിലാവും സെസ് പിരിക്കുക. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം നിരക്കില്‍ സെസ് പിരിക്കാനും നിര്‍ദേശമുണ്ട്. സെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ നേരത്തെ കേരളത്തിന് അംഗീകാരം നല്‍കിയിരുന്നു.

നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്താത്തത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. സ്വര്‍ണ്ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടും. ബിയറിനും വൈനിനും രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും. 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

ആഡംഭര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും

വിലകൂടുന്നവ

സോപ്പ്
ടൂത്ത് പേസ്റ്റ്
ശീതള പാനീയങ്ങള്‍
ചോക്‌ലേറ്റ്
കാറുകള്‍
ഇരുചക്ര വാഹനങ്ങള്‍
മൊബൈല്‍ ഫോണ്‍
കമ്പ്യൂട്ടര്‍
ഏസി
ഫ്രിഡ്ജ്
പാക്കറ്റ് ഭക്ഷണം
വാഷിംഗ് മെഷീന്‍
പെയിന്റ്

താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി. 3000-5000 ചതുരശ്ര അടി 4000 രൂപ, 5000-7500 ചതുരശ്ര അടി 6000 രൂപ, 7500-10000 ചതുരശ്ര അടി 8000 രൂപ എന്നിങ്ങനെയാണ് നികുതി പരിഷ്‌കരിച്ചത്. 10000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം.

കോമ്പൗണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയര്‍ത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ളവര്‍ ഇനിമേല്‍ ഒരു ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും. 20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആറു ശതമാനം സേവന നികുതി ഏര്‍പ്പെടുത്തി.

സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചു. അനുബന്ധ കരാറുകള്‍ക്ക് ഒരേ മുദ്രവില ആവശ്യമില്ല. വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം 50 ശതമാനം നികുതിയിളവ് അനുവദിച്ചു. റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി. പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന വരുത്തി. ഇതുവഴി 200 കോടിയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പത്താം ബജറ്റിനു തുടക്കം കുറിച്ചത്. പ്രളയത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി.

സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളത്തിനോട് എന്തിനീ ക്രൂരതയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായിച്ച കേന്ദ്രനടപടിക്കും സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും മന്ത്രി നന്ദി രേഖപ്പെടുത്തി.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ശബരിമല വിവാദത്തില്‍ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചത്. ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍.

തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.