വീട്ടുകാര്‍ കൊലപ്പെടുത്തിയ പ്രണയ്‌യുടെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

single-img
31 January 2019

തെലങ്കാനയില്‍ ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14നായിരുന്നു നാടിനെ നടുക്കിയ അരുംകൊല.

ഗര്‍ഭിണിയായിരുന്ന അമൃതയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്‌യെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയ് അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃതവര്‍ഷിണി ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു.

എന്നാല്‍ അമൃതയുടെ വീട്ടുകാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്ന് ബാലസ്വാമി വെളിപ്പെടുത്തിയില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്‌യെ ക്വട്ടേഷന്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റതിനാല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ പ്രണയ് മരിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നല്‍കിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. 2018 ജനുവരിയിലാണ് പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു.