മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച പൂജ ശകുൻ പാണ്ഡേ ജഡ്ജിയാണ്; ഹിന്ദുമഹാസഭ സ്ഥാപിച്ച ആദ്യ ഹിന്ദു കോടതിയിലെ ജഡ്ജി

single-img
31 January 2019

മഹാത്മാഗാന്ധിയുടെ  ചരമദിനത്തിൽ അദ്ദേഹത്തിൻ്റെ ചിത്രത്തിൽ നിറയൊഴിച്ചു  ഗോഡ്സെ അനുകൂല മുദ്രാവാക്യം മുഴക്കിയ പൂജ ശകുൻ പാണ്ഡേ  ഹിന്ദുമഹാസഭ സ്ഥാപിച്ച ആദ്യ ഹിന്ദു കോടതിയിലെ ജഡ്ജി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഖിലഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ മീററ്റ് ആസ്ഥാനമാക്കി ആദ്യ ഹിന്ദു കോടതി സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.  കോടതിയിലെ ആദ്യ ജഡ്ജിയായി നിയമിതയായത് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ പൂജ ശകുൻ പാണ്ഡേയാണ്.

ഹൈന്ദവ സമുദായങ്ങളിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു കോടതി  ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ സ്ഥാപിതമായത്. ഇസ്ലാം നിയമപ്രകാരം നിലവിലുള്ള ഡാറുൽ കാസാ (ശരിയത് കോടതികൾ)യ്ക്ക് ബദലായാണ് ഹിന്ദുമഹാസഭ ഈ ഒരു സംവിധാനത്തിന് രൂപം നൽകിയത്. ഹിന്ദു വിവാഹങ്ങൾ, ഹിന്ദു വിവാഹ മോചനങ്ങൾ, സ്വത്ത് അല്ലെങ്കിൽ പണം തർക്കങ്ങൾ  തുടങ്ങിയവ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോടതി സ്ഥാപിക്കപ്പെട്ടത്.

കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി അധികാരത്തിൽ വന്നപ്പോൾ ഹിന്ദു സമുദായത്തിലെ കാര്യത്തിൽ ഞങ്ങൾ ഒത്തിരി പ്രതീക്ഷിച്ചു. എന്നാൽ സർക്കാർ സംവിധാനങ്ങൾ ജാതി അടിസ്ഥാനത്തിൽ  ഹിന്ദുക്കളിൽ ഭിന്നതയും ഛിദ്രവും നടത്താൻ തുടങ്ങി. ഹിന്ദു സമുദായങ്ങളെ ഒന്നിപ്പിക്കുവാൻ ഉള്ള മാർഗ്ഗമാണ് ഹൈന്ദവ കോടതി. കുറ്റക്കാർക്കായി ഞങ്ങൾക്ക് ജയിൽ ഉണ്ടായിരിക്കും. ഞങ്ങളുടെ പരമാവധി ശിക്ഷ മരണമായിരിക്കും-  പൂജ അന്ന് പറഞ്ഞിരുന്നു.

അഞ്ചുവർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ച വ്യക്തികൂടിയാണ് പൂജ.  കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സിലും മാസ്റ്റർ ഡിഗ്രിയും , മാത്തമാറ്റിക്സിൽ തന്നെ എം.ഫിലും പിഎച്ച്ഡിയും  പൂജയ്ക്കുണ്ട്.