സ്ത്രീത്വത്തെ അപമാനിച്ചു;ബിജെപിയുടെ പരാതിയിൽ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

single-img
31 January 2019

ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലിംഗവിവേചനത്തിനെതിരായ ബോധവത്കരണമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നാരോപിച്ച് മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പദ്മജ എസ് മേനോനാണ് ഹര്‍ജി നല്‍കിയത്.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ആരോപണം. മറൈല്‍ ഡ്രൈവിലെ വേദിയുടെ കവാടം തയ്യാറാക്കിയതും ദുഃസൂചനയോടെയാണെന്നും ഇതിനുമുന്നില്‍ ഇന്ത്യന്‍ ഭരണഘടന പ്രദര്‍ശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് സമൂഹത്തില്‍ ആര്‍ത്തവ അയിത്തം കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത്.