എന്തൊക്കെ പുകിലായിരുന്നു; ഒടുവില്‍ രോഹിത് ശര്‍മയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യ എട്ടുനിലയില്‍ പൊട്ടി; ന്യൂസിലന്‍ഡിന്റെ വിജയം 212 പന്ത് ബാക്കിനില്‍ക്കെ

single-img
31 January 2019

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. എട്ടു വിക്കറ്റിനാണ് കിവീസ് സന്ദര്‍ശകരെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് വെറും 14.4 ഓവറില്‍ 212 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മത്സര പരമ്പര 3-1 എന്ന നിലയിലെത്തി.

റോസ് ടെയ്‌ലര്‍ (37), നിക്കോള്‍സ് (30) എന്നിവര്‍ വിജയത്തില്‍ കിവീസിനായി പുറത്താകാതെനിന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഇരു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് എല്ലാവരും പുറത്തായി.

അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്റ്‌ഹോ)മുമാണ് ഇന്ത്യയെ തകര്‍ത്തത്. വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ബോള്‍ട്ടിന്റെ പ്രകടനം. 18 റണ്‍സ് നേടി പുറത്താകാതെനിന്ന യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

പതിവുപോലെ പതുക്കെ തുടക്കമിട്ട രോഹിത് ധവാന്‍ സഖ്യം ഇന്ത്യയെ 5.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 21 റണ്‍സ് എന്ന നിലയില്‍ എത്തിച്ചതാണ്. എന്നാല്‍, ആറാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ എല്‍ബിയില്‍ കുരുക്കിയ ട്രെന്റ് ബൗള്‍ട്ട് കളിയുടെ ഗതി തിരിച്ചുവിട്ടു. പിന്നീട് 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴു വിക്കറ്റ്. 2017ല്‍ ധര്‍മശാലയില്‍ ശ്രീലങ്കയ്‌ക്കെതിരെ 29 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയശേഷം നേരിടുന്ന ഏറ്റവും വലിയ കൂട്ടത്തകര്‍ച്ച.

20 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 13 റണ്‍സെടുത്ത ധവാന്‍ മടങ്ങിയതിനു പിന്നാലെ പവലിയനിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയായിരുന്നു. തന്റെ അടുത്ത ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ട്ട് തന്നെ സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ രണ്ടിന് 23 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എറിഞ്ഞ 11–ാം ഓവറില്‍ മൂന്നു പന്തിന്റെ ഇടവേളയില്‍ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് കൂടി നഷ്ടം. അമ്പാട്ടി റായുഡു നാലു പന്തില്‍ ‘സംപൂജ്യ’നായപ്പോള്‍, ദിനേഷ് കാര്‍ത്തിക് വെറും മൂന്നു പന്തില്‍ ‘സംപൂജ്യ’നായി കൂടാരം കയറി. ഇതോടെ നാലിന് 33 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

കേദാര്‍ ജാദവ്–ഹാര്‍ദിക് പാണ്ഡ്യ സഖ്യം രക്ഷകരാകുമെന്ന് കരുതിയിരിക്കെ വീണ്ടും നാശം വിതച്ച് ബൗള്‍ട്ട് അവതരിച്ചു. ഏഴു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ജാദവും മടങ്ങി. അഞ്ചു റണ്‍സ് ‘കൂട്ടുകെട്ടിനൊടുവില്‍’ ഭുവനേശ്വറും പുറത്തായി. 12 പന്തില്‍ ഒരു റണ്ണെടുത്ത ഭുവിയുടെ കുറ്റി ഗ്രാന്‍ഡ്‌ഹോം തെറിപ്പിച്ചു.

ഫലത്തില്‍, 19 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടമായത്. ബൗള്‍ട്ടിന്റെ ഒന്‍പതാം ഓവറില്‍ മൂന്നു ബൗണ്ടറികള്‍ നേടി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത വരവില്‍ അതിന്റെ കേടും ബൗള്‍ട്ട് തീര്‍ത്തു. 20 പന്തില്‍ 16 റണ്‍സുമായി ഹാര്‍ദിക്കും പുറത്ത്. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

ടോഡ് ആസിലിന്റെ പന്തില്‍ ഗ്രാന്‍ഡ്‌ഹോമിനു ക്യാച്ച് സമ്മാനിച്ച് കുല്‍ദീപ് മടങ്ങി. 33 പന്തില്‍ ഒരു ബൗണ്ടറി സഹിതം 15 റണ്‍സെടുത്താണ് കുല്‍ദീപ് മടങ്ങിയത്. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ചാഹല്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും അഞ്ചു റണ്‍സെടുത്ത ഖലീല്‍ അഹമ്മദിനെ മടക്കി നീഷാം ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു.