ഇവരാണ് മഹാത്മാ ഗാന്ധി വധക്കേസിലെ ഒന്‍പത് പ്രതികള്‍. അതിൽ സവര്‍ക്കര്‍ മാത്രം രക്ഷപ്പെട്ടതെങ്ങനെ?

single-img
31 January 2019

1) നാഥുറാം വിനായക് ഗോഡ്സെ

ഗാന്ധി വധക്കേസിലെ ഒന്നാം പ്രതിയാണ് നാഥുറാം വിനായക് ഗോഡ്സെ. ചെറുപ്പത്തിൽ തന്നെ സ്കൂൾ പഠനം ഉപേക്ഷിച്ച് ഇദ്ദേഹം ആർഎസ്എസിന്‍റെ മുഴുവൻ സമയ പ്രവർത്തകനായി. ഗോഡ്സെ 1932 വരെ തങ്ങളുടെ പ്രവർത്തകനായിരുന്നു എന്ന് ആർഎസ്എസ് നേതൃത്വവും അന്ന് സമ്മതിച്ചിരുന്നു. 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നുതവണ നിറയൊഴിച്ചത് ഗോഡ്സെയാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ഗോഡ്സെയെ 1949 നവംബർ 15ന് അംബാലയിലെ ജയിലിൽവച്ച് തൂക്കിക്കൊന്നു. സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണ് നാഥുറാം വിനായക് ഗോഡ്സെയുടെയും കൂട്ടുപ്രതിയായ നാരായൺ ദത്തത്രേയ ആപ്തെയുടെയും. ഇരുവരെയും ഒരുമിച്ചാണു തൂക്കിലേറ്റുന്നത്.

2) നാരായൺ ദത്തത്രേയ ആപ്തെ

ഗാന്ധി വധക്കേസിലെ രണ്ടാം പ്രതിയാണ് നാരായൺ ദത്തത്രേയ ആപ്തെ. 1932 ബോംബെ സർവകലാശാലയിൽനിന്നും ഡിഗ്രി കരസ്ഥമാക്കി ഇയാള്‍ അഹമ്മദാബാദിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി നോക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തു ഇദ്ദേഹം ബ്രിട്ടന്റെ വ്യോമസേനയിലും ജോലി നോക്കിയിരുന്നു. അവിടെനിന്നും 1939 അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. ഹിന്ദുമഹാസഭയുടെ കീഴിൽ ഗോഡ്സെക്കൊപ്പം 6 വർഷത്തോളം പ്രവർത്തിച്ചു. 1946 മാർച്ച് 28ന് അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഗോഡ്സെയുമായി ചേർന്ന് ആരംഭിച്ചിരുന്നു. ഗോഡ്സെ എഡിറ്ററും, ആപ്തെ മാസികയുടെ മാനേജരുമായിരുന്നു. ഗാന്ധിജിയെ വെടിവയ്ക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. ആപ്തെയെ 1949 നവംബർ 15ന് അംബാലയിലെ ജയിലിൽവച്ച് തൂക്കിക്കൊന്നു.

3) ദിഗംബർ രാക്ചന്ദ്ര ബഡ്ഗെ

ബഡ്ഗെ ഒരു ആയുധ കച്ചവടക്കാരനായിരുന്നു. ബഡ്ഗെയായിരുന്നു ഗാന്ധിജിയെ വധിക്കാൻ വേണ്ട തോക്കു കൊലയാളികൾക്ക് വിറ്റത്. ഇദ്ദേഹം ഈ കേസിൽ പിന്നീട് മാപ്പുസാക്ഷി ആവുകയും ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയുമായിരുന്നു. ബഡ്ഗെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റെല്ലാവരെയും കോടതി ശിക്ഷിച്ചത്.

4) ശങ്കർ കിസ്തയ്യ

1942 ജനുവരി 20 നു മഹാത്മാഗാന്ധിജിക്കു നേരെയുണ്ടായ വധശ്രമത്തിൽ കൊലയാളികളെ സാഹായിച്ചതു ഇയ്യാളായിരുന്നു. ബഡ്ജ്, കിസ്തയ്യ, ഗോപാലൻ ഗോഡ്സെ ഇവരാണ് ഗാന്ധി വധത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം നടത്തിയതും ആയുധങ്ങള്‍ വാങ്ങിയതും. ഇദ്ദേഹമായിരുന്നു ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്ക് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയത്. അദ്ദേഹത്തെ ഫെബ്രുവരി ആറിനാണ് അറസ്റ്റ് ചെയ്യുന്നത്. ഗാന്ധിവധത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. പക്ഷേ 22 ജൂൺ 1949 ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

5) ദത്തത്രേയ സദാശിവ് പാർചൂരെ

ഡോക്ടറും അഖിലഭാരതീയ ഹിന്ദുമഹാസഭയുടെ നേതാവുമായിരുന്നു ഇയ്യാള്‍. ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്ക് ഗോഡ്സെക്ക് നൽകിയത് ഇദ്ദേഹമായിരുന്നു. 18 ഫെബ്രുവരി 1948 ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഗ്വാളിയർ മജിസ്ട്രേറ്റിനുമുന്നിൽ ഇദ്ദേഹം കുറ്റസമ്മതം നടത്തുകയായിരുന്നു. കുറ്റ സമ്മതത്തെതുടർന്ന് 10 ഫെബ്രുവരി 1949 നു അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പിന്നീട് ഗോഡ്സെ മൊഴി മാറ്റിയതിനെ തുടര്‍ന്ന് പഞ്ചാബ് ഹൈക്കോടതി ഇദ്ദേഹത്തെയും കുറ്റവിമുക്തനാക്കിയിരുന്നു.

6) വിഷ്ണു രാമകൃഷ്ണ കാർകറേ

വിഷ്ണു രാമകൃഷ്ണ കാർക്കറെയെ 1948 ഫെബ്രുവരി 14 ആം തീയതി ഇദ്ദേഹത്തെ ബോംബെയിൽ നിന്നും ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചതിന്‍റെ പേരിൽ അറസ്റ്റ് ചെയ്തു. 1948 ജനുവരി 20 നു ബിർളാ ഹൗസിൽ ഗാന്ധിജിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടത്തിയതിയ കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് പത്ത് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെ ഗാന്ധിജിയെ കൊന്നപ്പോൾ ആ കേസിലും ഇദ്ദേഹം കൂട്ടുപ്രതിയായി. ഇയ്യാളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കി 13 ഒക്ടോബർ 1964 ഇദ്ദേഹം പുറത്തിറങ്ങി. 1974 ഏപ്രിൽ ആറാം തീയതി ഹൃദയസ്തംഭനം മൂലം മരിച്ചു.

7) മദൻലാൽ കാശ്മീരിലാൽ പഹ്‌വ

വിഷ്ണു കാർക്കറെ ആയിരുന്നു ഇദ്ദേഹത്തെ ഹിന്ദുമഹാസഭ യിലേക്ക് അടുപ്പിച്ചത്. വിഷ്ണു കാർക്കറെ അദ്ദേഹത്തെ ഹിന്ദുമഹാസഭയുടെ നേതാക്കളായ നാരായണ ആപ്തെയെയും നാഥുറാം ഗോഡ്സെയും പരിചയപ്പെടുത്തി. അന്നുമുതൽ ഇദ്ദേഹം ഇവരോടൊപ്പം എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഗാന്ധി വധം നടന്ന ദിവസം വിഷ്ണു കാർക്കറെ, ശങ്കർ കിസ്തയ്യ, ബഡ്ഗെ, ഗോപാൽ ഗോഡ്സെ, നാഥുറാം ഗോഡ്സെ, ആപ്തെ എന്നിവരോടൊപ്പം അദ്ദേഹം ബിർളാ ഹൗസിൽ എത്തിയിരുന്നു.

ഗാന്ധിജിയെ 1948 ജനുവരി 20 തീയതി വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയ്യാൾ. ബിർള ഹൗസിലേക്ക് ബോംബെറിയുകയും അതേത്തുടർന്നുണ്ടാകുന്ന തിക്കിനും തിരക്കിനുമിടയിൽ ഗാന്ധിജിയെ വെടിവെച്ചു കൊല്ലുകയായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പദ്ധതി പ്രകാരം കാര്യങ്ങൾ നടക്കാത്തതിനാൽ ഗാന്ധിവധം അന്ന് നടന്നില്ല. ചോദ്യം ചെയ്യലിൽ ഇദ്ദേഹം കുറ്റം സമ്മതിക്കുകയും കോടതി ഇദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിക്കുകയുമായിരുന്നു.

8) ഗോപാൽ ഗോഡ്സെ

നാഥുറാം ഗോഡ്സെയുടെ സഹോദരനായിരുന്നു ഗോപാൽ ഗോഡ്സെ. 1948 ജനുവരി 30ന് നടന്ന മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുമാണ് ഗോപാൽ ഗോഡ്സെ. 1948 ജനുവരി 20-ന് നടന്ന ആദ്യ വധശ്രമത്തിൽ നിന്നും ഗാന്ധി രക്ഷപ്പെടുകയും അതിൻറെ സൂത്രധാരില്‍ ഒരാളായ മദൻലാൽ പിടിയിലാവുകയും ചെയ്തതിനാൽ എത്രയും വേഗം ഗാന്ധിയെ കൊല്ലണമെന്ന് തീരുമാനിച്ചത് ഗോപാൽ ഗോഡ്സെയായിരുന്നു.

9) വിനായക് ദാമോദർ സവർക്കർ

കൊലയാളികളുടെ ആത്മീയ ആചാര്യനും വഴികാട്ടിയുമായിരുന്നു വി ഡി സവര്‍ക്കര്‍. ബിർളാ ഹൌസില്‍ ഗാന്ധിജിക്കു നേരെ ആദ്യം ഉണ്ടായ കൊലപാതക ശ്രമത്തിനു ശേഷം ബോംബെ സി ഐ ഡി സ്പെഷ്യൽ കമ്മീഷണർ ജംഷിദ് നാഗൻവല്ലാ ഇതിൽ സവർക്കർക്കു പങ്കു ഉള്ളതായി കാണിച്ചു അന്നത്തെ ബോംബേ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായിക്കു റിപ്പോർട്ട് നൽകി. സവർക്കറെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു കമ്മീഷണറുടെ ആവശ്യം. എന്നാൽ ഈ റിപ്പോർട്ട് മൊറാര്‍ജി ദേശായി തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല സവർക്കർക്കെതിരെ ഒരു അന്വേഷണവും നടത്തരുത് എന്ന് കമ്മീഷണർക്ക് കർശന നിർദ്ദേശവും നൽകിയിരുന്നു.

ആദ്യ കൊലപാതക ശ്രമം കഴിഞ്ഞു കൃത്യം പത്തു ദിവസം കഴിഞ്ഞപ്പോൾ ഗോഡ്സെ ഗാന്ധിജിയെ വധിച്ചു. അതിനു ശേഷവും പോലീസ് സവർക്കർക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചിരുന്നില്ല. പിന്നീട് വിചാരണ വേളയില്‍ കേസില്‍ മാപ്പ് സാക്ഷിയായ ദിഗംബർ രാക്ചന്ദ്ര ബഡ്ഗെയുടെ മൊഴിയില്‍ തെളുവുകള്‍ ഇല്ല എന്ന സാങ്കേതികത്വം ചൂണ്ടികാണിച്ചായിരുന്നു സവര്‍ക്കരെ വിചാരണ കോടതി വെറുതെ വിട്ടത്.

പക്ഷെ സവർക്കർ എന്തുകൊണ്ട് ഗാന്ധി വധക്കേസിൽ പ്രതിയായില്ല എന്ന് ചോദിച്ചാല്‍ ഏറ്റവും ലഘുവായ ഉത്തരം സവർക്കർക്കെതിയുള്ള തെളിവുകൾ മുഴുവൻ പുറത്തു വരുന്നതിനു മുന്നേ തന്നെ അദ്ദേഹം മരിച്ചിരുന്നു എന്നതു കൊണ്ടാണ് എന്ന് പറയാം. ഗാന്ധി വധത്തിൽ സവർക്കറുടെ പങ്ക് വ്യക്തമായി വിവരിക്കുന്നത് അത് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ആണ്. 1965 മാർച്ച് 22-നാണ് ഗാന്ധി വധം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. മുൻ സുപ്രീംകോടതി ജഡ്ജിയായ ജെ എൽ കപൂറിനെയാണ് ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. ഈ കമ്മീഷന്‍റെ കണ്ടെത്തലുകൾ പ്രകാരം നാഥുറാം വിനായക ഗോഡ്സെ സവർക്കറുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു എന്ന് മാത്രമല്ല സവർക്കർക്ക് ഗാന്ധി വധത്തിൽ വ്യക്തമായ പങ്ക് ഉള്ളതായും രേഖപ്പെടുത്തുന്നു.

മറ്റു തെളിവുകള്‍ക്ക് പുറമേ പ്രധാനമായും രണ്ടു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെയാണ് കമ്മിഷന്‍ ഈ നിഗമനത്തില്‍ എത്തിയത്. സവര്‍ക്കറുടെ മരണ ശേഷം അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പ്രൈവറ്റ് സെക്രട്ടറിയും കമ്മിഷന്‍ മുന്‍പാകെ ഹാജരായി തെളിവുകള്‍ നല്‍കി. കേസിന്റെ അന്വേഷണത്തിനിടെ ഇവരുടെ കേസിലെ ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യാന്‍ തയ്യാറാകുകയോ കോടതിയിൽ സാക്ഷിയായി ഹാജരാക്കുകയോ ചെയ്തിരുന്നില്ല.

കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പേ 26 February 1966 ന് സവര്‍ക്കര്‍ മരിച്ചിരുന്നു.