അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ മി. ക്ലിന്റന്‍ എന്നാണ് ഞാന്‍ അഭിസംബോധന ചെയ്തത്; പക്ഷേ മോദിയുടെ ഈഗോ മാറ്റാന്‍ ‘സര്‍’ എന്നു വിളിക്കണമായിരുന്നു; വെളിപ്പെടുത്തലുമായി ചന്ദ്രബാബു നായിഡു

single-img
31 January 2019

2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പത്ത് സീറ്റ് കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും നായിഡു സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തു തവണയെങ്കിലും ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നുവെന്നും നായിഡു പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും നായിഡു പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ കണ്ട സന്ദര്‍ഭത്തില്‍ മി. ക്ലിന്റന്‍ എന്നാണ് അഭിസംബോധന ചെയ്തതെന്നും രാഷ്ട്രീയരംഗത്ത് മോദി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമേ വിളിച്ചിട്ടുള്ളുവെന്നും അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കാനായിരുന്നുവെന്നും നായിഡു പറഞ്ഞു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് നായിഡു ഓര്‍മിച്ചു. മോദിയ്ക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.