കോഹ്ലിയും ധോണിയുമില്ലാതെ ഇറങ്ങിയ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു; 92 റണ്‍സിന് ഓള്‍ഔട്ട്; പത്താമനായി ഇറങ്ങിയ ചാഹല്‍ ടോപ് സ്‌കോറര്‍

single-img
31 January 2019

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 92 റണ്‍സിന് പുറത്തായി. 37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 200ാം ഏകദിനം ‘കളറാക്കാന്‍’ ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. പതിവുപോലെ പതുക്കെ തുടക്കമിട്ട രോഹിത് ധവാന്‍ സഖ്യം ഇന്ത്യയെ 5..4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 21 റണ്‍സ് എന്ന നിലയില്‍ എത്തിച്ചതാണ്.

എന്നാല്‍, ആറാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ എല്‍ബിയില്‍ കുരുക്കിയ ട്രെന്റ് ബൗള്‍ട്ട് കളിയുടെ ഗതി തിരിച്ചുവിട്ടു. പിന്നീട് 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴു വിക്കറ്റ്. 2017ല്‍ ധര്‍മശാലയില്‍ ശ്രീലങ്കയ്‌ക്കെതിരെ 29 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയശേഷം നേരിടുന്ന ഏറ്റവും വലിയ കൂട്ടത്തകര്‍ച്ച.

20 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 13 റണ്‍സെടുത്ത ധവാന്‍ മടങ്ങിയതിനു പിന്നാലെ പവലിയനിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയായിരുന്നു. തന്റെ അടുത്ത ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ട്ട് തന്നെ സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ രണ്ടിന് 23 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എറിഞ്ഞ 11–ാം ഓവറില്‍ മൂന്നു പന്തിന്റെ ഇടവേളയില്‍ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് കൂടി നഷ്ടം. അമ്പാട്ടി റായുഡു നാലു പന്തില്‍ ‘സംപൂജ്യ’നായപ്പോള്‍, ദിനേഷ് കാര്‍ത്തിക് വെറും മൂന്നു പന്തില്‍ ‘സംപൂജ്യ’നായി കൂടാരം കയറി. ഇതോടെ നാലിന് 33 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

കേദാര്‍ ജാദവ്–ഹാര്‍ദിക് പാണ്ഡ്യ സഖ്യം രക്ഷകരാകുമെന്ന് കരുതിയിരിക്കെ വീണ്ടും നാശം വിതച്ച് ബൗള്‍ട്ട് അവതരിച്ചു. ഏഴു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ജാദവും മടങ്ങി. അഞ്ചു റണ്‍സ് ‘കൂട്ടുകെട്ടിനൊടുവില്‍’ ഭുവനേശ്വറും പുറത്തായി. 12 പന്തില്‍ ഒരു റണ്ണെടുത്ത ഭുവിയുടെ കുറ്റി ഗ്രാന്‍ഡ്‌ഹോം തെറിപ്പിച്ചു.

ഫലത്തില്‍, 19 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടമായത്. ബൗള്‍ട്ടിന്റെ ഒന്‍പതാം ഓവറില്‍ മൂന്നു ബൗണ്ടറികള്‍ നേടി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത വരവില്‍ അതിന്റെ കേടും ബൗള്‍ട്ട് തീര്‍ത്തു. 20 പന്തില്‍ 16 റണ്‍സുമായി ഹാര്‍ദിക്കും പുറത്ത്. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

ടോഡ് ആസിലിന്റെ പന്തില്‍ 33 പന്തില്‍ ഒരു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത് കുല്‍ദീപും മടങ്ങി. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ചാഹല്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും അഞ്ചു റണ്‍സെടുത്ത ഖലീല്‍ അഹമ്മദിനെ മടക്കി നീഷാം ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു.