താപനില മൈനസ് 25 ഡിഗ്രി; അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക; എട്ടുപേര്‍ മരിച്ചു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
31 January 2019

അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയില്‍. കൊടുംതണുപ്പില്‍ എട്ടുപേര്‍ ഇതുവരെ മരിച്ചു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. മിനിപൊലിസ് സെന്റ്‌പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരം മുഴുവന്‍ കട്ടിയുള്ള വസ്ത്രങ്ങളാല്‍ മൂടിയില്ലെങ്കില്‍ തണുത്തുറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200 വര്‍ഷം മുമ്പാണ് ഇവിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടുള്ളത്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിച്ചേക്കും. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി വരെയെത്തി.

പലയിടത്തും ഗതാഗതം താറുമാറായി. റെയില്‍വെ ട്രാക്കുകളില്‍ മഞ്ഞുറഞ്ഞതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ട്രെയിന്‍ മുന്നോട്ടു പോവാനായി പലയിടങ്ങളിലും ട്രാക്കില്‍ തീയിടുന്ന സ്ഥിതിയാണ് ചിക്കാഗോയില്‍. ട്രെയിന്‍ സര്‍വീസ് കമ്പനിയായ’മെട്ര’യുടെ ജീവനക്കാരാണ് ട്രാക്കില്‍ തീയിട്ട് മഞ്ഞുകട്ടകള്‍ ഉരുക്കിയതെന്ന് ‘ചിക്കാഗോട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

തീപടിച്ച് ചൂടായതോടെ ചുരുങ്ങിയ ഭാഗങ്ങള്‍ വീണ്ടും വികസിച്ചു. ഇതിനു പിന്നാലെ ട്രാക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വീണ്ടും ബോള്‍ട്ടിട്ട് ഉറപ്പിച്ചു. ചിലയിടത്ത് വെല്‍ഡ് ചെയ്തും പാളങ്ങള്‍ ബന്ധിപ്പിച്ചു. മഞ്ഞുറഞ്ഞതോടെ ഉരുക്ക് സങ്കോചിക്കുന്ന അവസ്ഥയും ഉണ്ടായി. അതോടെ ട്രെയിനുകള്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കുകയും ചെയ്തതായി മെട്ര വക്താവ് അറിയിച്ചു.