പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്ക് യുദ്ധം; നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്

single-img
30 January 2019

തുടർച്ചയായ തോൽവികൾ സൃഷ്ട്ടിച്ച നാണക്കേടിന് പിന്നാലെ ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാര്‍ തമ്മിലുള്ള ഫെയ്‌സ്ബുക്ക് സംഘര്‍ഷം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് പുതിയ തലവേദനയാകുന്നു. ഇരുവരുടെയും ഭാര്യമാർ തമ്മിലുള്ള പോർവിളി ടീമിന്റെ പ്രതിച്ഛായ തന്നെ തകരുന്ന തലത്തിലേക്കാണ് പോകുന്നത്.

ശ്രീലങ്കയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മലിംഗയുടെ ഭാര്യയായ ടാനിയയും പെരേരയുടെ ഭാര്യയായ ഷെരാമിയും ഈ ഈഗോ പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇതിന് മറുപടി പോസ്റ്റുമായി ഷെരാമി രംഗത്തെത്തി. ടാനിയയുടെ ആരോപണങ്ങള്‍ തള്ളിയ ഷെരാമി ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിച്ചു. ഇതോടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു. ഈ പ്രശ്‌നങ്ങള്‍ കാരണം രാജ്യത്തിനും ആരാധകര്‍ക്കും മുന്നില്‍ തങ്ങള്‍ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ പെരേര പറയുന്നു.