14 കാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസില്‍ സിനിമാ താരം ഭാനുപ്രിയക്കെതിരേ പോക്‌സോ

single-img
30 January 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ സിനിമാ താരം ഭാനുപ്രിയക്കെതിരേ പോലീസ് പോക്‌സോ ചുമത്തി. ആന്ധ്ര പൊലീസാണ് ഭാനുപ്രിയക്കെതിരേ പോക്‌സോ ചുമത്തിയത്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയില്‍ പറയുന്നു.

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.

ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പോലീസിനോട് പറഞ്ഞത്.