സവർണ്ണമേധാവിത്വത്തിൻ്റെ മുനയൊടിച്ച പഞ്ചമിയുടെയും അയ്യങ്കാളിയുടെയും ഓർമ്മകൾ ഉറങ്ങുന്ന ഊരൂട്ടമ്പലം സ്കൂൾ ഹൈടെക്കാകുന്നു

single-img
30 January 2019

കേരള നവോത്ഥാന ചരിത്രത്തിലെ ഭാഗമായ, പഞ്ചമിയുടെയും അയ്യങ്കാളിയുടേയും ഓർമകൾ പേറുന്ന ഊരൂട്ടമ്പലം എല്‍.പി സ്കൂളിൻ്റെയും യു.പി സ്കൂളിൻ്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ നിർവ്വു. കഴിഞ്ഞ ദിവസം ഊരൂട്ടമ്പലം എല്‍പിസ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങുകൾ.

1957ലെ ആദ്യ കേരള ഗവൺമെന്റിന്റെ വിദ്യാഭ്യാസ നയങ്ങളുടെ തുടർച്ചയാണ് പിണറായി ഗവൺമെന്റ് നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അന്നത്തെ വിദ്യാഭ്യാസ ബില്ലിലൂടെ തുടങ്ങി വച്ച ആശയങ്ങൾ സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്. പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സാധാരണക്കാരന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ പൊതു വിദ്യാലയങ്ങളുടെ ദൗതിക സാഹചര്യം മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നടപ്പിലാക്കുന്നത്. 5000 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ മികവുയര്‍ത്തുന്നത്തിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് ഊരൂട്ടമ്പലം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നത്. സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4.35 കോടി രൂപയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തീരദേശ വികസന കോർപറേഷനാണ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല. യോഗത്തിൽ കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ അഡ്വ ഐബി സതീഷ് അധ്യക്ഷനായി.