നടുറോഡിൽ വച്ചു പൊലീസിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി മന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുൻനിരയിൽ; കണ്ടിട്ടും കാണാതെ പൊലീസ്

single-img
30 January 2019

തലസ്ഥാന നഗരിയിൽ വെച്ച് പൊലീസിനെ നടുറോഡില്‍ വളഞ്ഞിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി മന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുന്‍ നിരയിലുണ്ടായിരുന്നത്  വിവാദമാകുന്നു. എസ്എഫ്‌ഐ നേതാവായ നസീമാണ് പൊതുപരിപാടിയില്‍ ഇരിക്കുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പരിപാടിയിലാണ് നസീം പങ്കെടുത്തത്.

എന്നാല്‍ നസീം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മന്ത്രിമാരായ എകെ ബാലനും ജലീലും എത്തിയ ചടങ്ങില്‍ സദസ്സില്‍ ആദ്യാവസാനം നസീം ഉണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് സുരക്ഷ ഒരുക്കാനും മറ്റുമായി നിരവധി പൊലീസുകാര്‍ എത്തിയെങ്കിലും നസീമിനെ കണ്ടതായി ഭാവിച്ചില്ല. സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ഇയാളെ പിടികൂടാത്തതെന്ന ആരോപണം ശക്തമാണ്.

ഡിസംബര്‍ 12 നാണ് പാളയം യുദ്ധസ്മാരകത്തിനു സമീപം ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ ഇരുപതോളം എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തവരെ എസ്എഫ്‌ഐ നേതാക്കള്‍ ബലമായി പിടിച്ചിറക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെവനിതാ മതിലില്‍ അടക്കം നസീം പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും അറസ്റ്റ് ഉണ്ടായില്ലെന്നും  റിപ്പോർട്ടുകളുണ്ട്.

സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും നസീമിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നു കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ കേസില്‍ പ്രതിചേര്‍ത്തവരില്‍ ചിലര്‍ കീഴടങ്ങിയിരുന്നു.