ലോകസഭ തിരഞ്ഞെടുപ്പ്: ഇന്ത്യയിൽ വര്‍ഗ്ഗീയ കലാപങ്ങൾ വര്‍ധിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി

single-img
30 January 2019

വരാൻപോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യയിൽ വര്‍ഗ്ഗീയകലാപങ്ങളുടെ നിരക്ക് വര്‍ധിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി. കഴിഞ്ഞ ദിവസം അമേരിക്കൻ കോൺഗ്രസിന് നൽകിയ ‘വേൾഡ് വൈഡ് ത്രെട്ട് അസ്സസ്മെന്റ്’ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി ഐ എയുടെ തലവൻ ഡാനിയൽ കോട്ട്സ് ആണ് റിപ്പോർട്ട് അമേരിക്കൻ കോൺഗ്രസിന് മുന്നില്‍ സമർപ്പിച്ചത്.

മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങൾ ശക്തമായ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയതോതിലുള്ള വര്‍ഗ്ഗീയ കലാപങ്ങൾ ഹൈന്ദവ വര്‍ഗ്ഗീയ സംഘടനകളുടെ പ്രവർത്തകർക്ക് ഇലക്ഷന് വേണ്ടിയുള്ള ഉത്തേജനമായി മാറുമെന്നും ചില നേതാക്കൾ കരുതുന്നു. ഇതാണ് വര്‍ഗ്ഗീയ കലാപങ്ങൾ ഉണ്ടാകാനുള്ള കാരണം എന്നാണ് സിഐഎയുടെ കണ്ടെത്തൽ.

കൂടാതെ ഇന്ത്യ ഭരിക്കുന്ന ബിജെപി, ഹൈന്ദവ വർഗീയത തെരഞ്ഞെടുപ്പ് വിഷയമാക്കി മുന്നോട്ടുവന്നാൽ ഇന്ത്യയിൽ വര്‍ഗ്ഗീയ കലാപങ്ങൾ നടക്കാനുള്ള സാധ്യത കൂടുതലാണ് എന്നും, അത്തരത്തിൽ ഉണ്ടാകുന്ന വര്‍ഗ്ഗീയ കലാപങ്ങൾ ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും എന്നും റിപ്പോർട്ട് പറയുന്നു. ഇത് ന്യുനപക്ഷങ്ങളുടെ ഇടയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനുപുറമേ പാക്കിസ്ഥാനിൽ നിന്നും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ തെരഞ്ഞെടുപ്പിനിടെ ഇന്ത്യയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും സിഐഎ മുന്നിൽ കാണുന്നു. ഇതും വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് നയിച്ചേക്കാം എന്നും സി ഐ എ ആശങ്കപ്പെടുന്നു.