സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങാൻ ബിജെപി നിർദ്ദേശം; സ്ഥാനാർത്ഥി നിർണ്ണയം അടുത്ത ആഴ്ച പൂർത്തിയാകും

single-img
30 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിർണ്ണയം അടുത്തയാഴ്ച പൂർത്തിയാകുമെന്നു  റിപ്പോർട്ടുകൾ. ചര്‍ച്ചകള്‍ക്കായി ദേശീയ സഹസംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ്, സെക്രട്ടറി എച്ച് രാജ എന്നിവര്‍ അടുത്തയാഴ്ച കേരളത്തിലെത്തുമെന്നും സൂചനകളുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായില്ലെങ്കിലും, സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങാനും ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഖ്യകക്ഷിയായ ബിഡിജെഎസുമായി ഒരാഴ്ചയ്ക്കകം സീറ്റ് ധാരണയിലെത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ബിജെപി പ്രതീക്ഷയോടെ കാണുന്ന അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തിയേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്രമന്ത്രി പിസി തോമസ് മല്‍സരിക്കും. കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ബിജെപി കേന്ദ്രനേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളില്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്നായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

മുന്‍ ഡിജിപി ടി പി സെന്‍കുമാർ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ നമ്പി നാരായണന് പത്മപുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ ബിജെപി നേതൃത്വം പ്രസ്തുത തീരുമാനത്തിൽ നിന്നു പിന്നോട്ടു പോവുകയായിരുന്നു.