എട്ടു സീറ്റ് വേണം; ആറു സീറ്റില്‍ വിജയിക്കും: തുഷാര്‍ വെള്ളാപ്പള്ളി

single-img
30 January 2019

വരൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റ് വേണമെന്നു ബിഡിജെഎസ്. പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ള എട്ടു സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് നൽകി. ആറ്റിങ്ങലും കൊല്ലവും ഉൾപ്പടെയുള്ള എട്ടു സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ബിജെപി അംഗീകരിക്കാൻ സാധ്യത ഇല്ല.

ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാനാണ് തൃശൂരില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിച്ചത്. ബിഡിജെഎസ് ആറു സീറ്റുകള്‍ ചോദിക്കുമെന്നായിരുന്നു ബിജെപി നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍.

അതേസയമയം തുഷാര്‍ വെള്ളാപ്പള്ളി മല്‍സരരംഗത്ത് ഉണ്ടാകണമെന്ന് ബിജെപി നേതൃത്വം ബിഡിജെഎസിനോട് ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ മല്‍സരത്തിന് തയ്യാറായാല്‍ ഏത് സീറ്റും നല്‍കാമെന്നും അറിയിച്ചിരുന്നു. ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍ തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ തുഷാറിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തിരുന്നു.

എന്നാൽ പാര്‍ട്ടിയെ നയിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് മുന്നണിയായാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും തുഷാര്‍ പറഞ്ഞു.