പി കെ ശ്രീമതിക്കെതിരെ വ്യക്തിഹത്യ; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്

single-img
30 January 2019

പികെ ശ്രീമതി എംപിക്കെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗോപാലകൃഷ്ണനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

പികെ ശ്രീമതി നല്‍കിയ മാനനഷ്ടക്കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബി. ഗോപാലകൃഷ്ണന്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.

ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചെന്നാണു പരാതി.

എന്നാൽ ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടിസ് അയക്കുകയായിരുന്നു.