തൊണ്ണൂറ്റിയഞ്ചു കിലോമീറ്റർ യാത്രചെയ്ത് മരണവീട്ടിൽ എത്തിയപ്പോൾ `അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്´ എന്ന മുന്നറിയിപ്പ്: മതം മനുഷ്യനുവേണ്ടിയാണോ മനുഷ്യൻ മതത്തിനു വേണ്ടിയാണോ എന്ന ചോദ്യവുമായി ഒരു ഫേസ്ബുക്ക് കുറിപ്പ്

single-img
30 January 2019

തൊണ്ണൂറ്റിയഞ്ചു കിലോമീറ്റർ യാത്രചെയ്ത് മരണവീട്ടിൽ എത്തിയപ്പോൾ `അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്´ എന്ന മുന്നറിയിപ്പ് കണ്ട വ്യക്തിയുടെ  ഫേസ്ബുക്ക് കുറിപ്പ്. `അക്ബർ സ്നേഹക്കൂട്´ എന്ന ആളുടെ പേരിലാണ് പ്രസ്തുത കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മതം മനുഷ്യനുവേണ്ടിയാണോ അതോ മനുഷ്യൻ മതത്തിനു വേണ്ടിയാണോ എന്നുള്ള ചോദ്യത്തോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് വായിക്കാം:

ഒരു ബന്ധുവിന്റെ(സ്ത്രീയുടെ)മരണം അറിഞ്, തൊണ്ണൂറ്റയഞ്ചു കിലോമീറ്റർ യാത്രചെയ്ത് മരണവീട്ടിൽ എത്തി,”ദയവുചെയ്ത് അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്”എന്ന മുന്നറിയിപ്പ്(ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്)വീടിന്റെ ചുമരിലും മുൻവാതിലിലും എഴുതിയൊട്ടിച്ചിരുന്നു. മരിച്ചസ്ത്രീയുടെ ബന്ധുക്കളായ, എന്റെ കൂടെ വന്ന പുരുഷന്മാർ(60വയസ്സിനു മുകളിലുള്ളവർ) സാധാരണ ചെയ്തുവരാറുള്ളതുപോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വെള്ളവസ്ത്രമണിഞ പുരോഹിതന്മാർ അവരെ തടഞു നിർത്തി കാണരുതെന്ന് കല്പിച്ചു.മുന്നറിയിപ്പ് വായിച്ച ഞാൻ അതിന്ന് ശ്രമിക്കാതെ പുറത്തു തന്നെയിരുന്നു.മതപുരോഹിതന്മാർ മതത്തിന്റെ പേരിൽ പഴയ വാറോലകൾ പലതും പുനരവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യത്വം അല്ല മതത്വമാണ് ഇന്ന് മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും.

ഹൃദയവേദനയും ദുഖവും തോന്നുന്നു ഇതെല്ലാം കാണുമ്പോൾ.

മതാന്ധത ബാധിച്ച പുരോഹിതപ്പരിഷകൾ മനുഷ്യരെ തരംതിരിച്ച് അന്യരാക്കിക്കൊണ്ടിരിക്കുന്നു.

മൗനം വിദ്വാനു ഭൂഷണം.കിരാതൻമാരായ പുരോഹിതന്മാർ മതാന്ധത ബാധിച്ച കഴുതക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന കലികാലത്തിലാണ് നാം ജീവിക്കുന്നത്.

മരിച്ചത് സ്ത്രീയായാലും പുരുഷനായാലും കേവലം മയ്യത്താണ് അഥവാ ശവശരീരമാണ്(സ്ത്രീലിംഗമോ പുല്ലിംഗമോ അല്ലാത്ത വാക്കാണതെന്ന് ഞാൻ കരുതുന്നു,ശവം എന്ന വാക്കും അങ്ങിനെതന്നെയാണല്ലോ).ആൾക്കൂട്ടത്തിന്റെ നടുവിൽ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ഒരു ശവശരീരത്തോട് ഒരു സ്ത്രീക്കായാലും പുരുഷനായാലും തോന്നുന്ന വികാരം സഹതാപമാണ്, ലൈംഗീകതയല്ല.ലൈംഗീതയാണെന്നു കരുതുന്നവരുടെ ഹൃദയങ്ങൾക്ക് ബാധിച്ചിരിക്കുന്ന രോഗത്തിന് മരുന്നില്ല.അവരെ മനുഷ്യത്വം പഠിപ്പിക്കുക എന്നത് മാത്രമാണ് പരിഹാരം.

മതം മനുഷ്യനുവേണ്ടിയാണോ?അതോ മനുഷ്യൻ മതത്തിനു വേണ്ടിയാണോ?

യേശുക്രിസ്തു തന്റെ കാലഘട്ടത്തിലെ പുരോഹിതപ്പരിഷകളോട്,”ശാബ്ബത്ത്(മതനിയമം)മനുഷ്യനുവേണ്ടിയാണോ,അതോ മനുഷ്യൻ ശാബ്ബത്തിന് വേണ്ടിയാണോ”എന്ന് ചോദിച്ചു. ഫലം എന്തായിരുന്നുവെന്ന് നമുക്കെല്ലാം നന്നായി അറിയാം,അത് ചരിത്രമാണ്.അദ്ദേഹത്തിന് കുരിശുമരണമാണ് അവർ വിധിച്ചത്.

പിന്നെയല്ലെ നിസ്സാരനായ ഈ ഞാൻ!!!.

ചിലതൊക്കെ കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല.

മനുഷ്യത്വം ജയിക്കട്ടെ.