‘എട്ടടി മൂര്‍ഖന്‍ കടിച്ചാല്‍ എട്ട് അടി നടക്കുമ്പോഴേക്കും മരിക്കും’; അതെങ്ങനെ?: വാവ സുരേഷ് പറയുന്നു

single-img
29 January 2019

പാമ്പുകളെപ്പറ്റി പഴമക്കാര്‍ പറയുന്നതില്‍ 90 ശതമാനം കാര്യങ്ങളും വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് വാവ സുരേഷ്. ഇതില്‍ ഏറ്റവും വലിയ തമാശയാണ് ‘എട്ടടി മൂര്‍ഖന്‍ കടിച്ചാല്‍ എട്ട് അടി നടക്കുമ്പോഴേക്കും മരിക്കും’ എന്ന പ്രചരണമെന്നും വാവ സുരേഷ് പറയുന്നു.

എട്ടടി മൂര്‍ഖന്‍ എന്നു പറയുന്ന ഒരു പാമ്പ് ഇല്ല. വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍ എന്നു പറയുന്ന പാമ്പിനെയാണ് പണ്ടുള്ളവര്‍ എട്ടടി മൂര്‍ഖന്‍ എന്നു വിളിച്ചിരുന്നത്. എന്നാല്‍ ആ പാമ്പ് കടിച്ചാല്‍ എട്ടടി നടന്നാലും പത്തടി നടന്നാലും ഈ പറയുന്നതു പോലെയൊന്നും സംഭവിക്കില്ലെന്നും വാവ സുരേഷ് പറയുന്നു.

പാമ്പുകള്‍ക്ക് നാഗമാണിക്ക്യം ഉണ്ടെന്നുള്ള കഥയും ഇതുപോലെ പ്രചരിക്കുന്ന ഒന്നാണ്. തീര്‍ത്തും സങ്കല്‍പ്പമായതും അന്ധവിശ്വാസവുമായ ഒരു കാര്യമാണത്. സന്ധ്യ സമയങ്ങളില്‍ ചൂളമടിച്ചാല്‍ വീട്ടില്‍ പാമ്പുകള്‍ വരുമെന്നുള്ളതും ഇത്തരത്തില്‍ ഒരു കഥയാണ്.

കുട്ടികള്‍ ചൂളമടിക്കാതിരിക്കാന്‍ അവര്‍ പറഞ്ഞുണ്ടാക്കിയ കാര്യമായി മാത്രമേ അതിനെ കരുതാനാകൂ. ചെവിയില്ലാത്ത പാമ്പുകള്‍ക്ക് ചൂളം വിളി എന്നല്ല, ഒരു ശബ്ദവും കേള്‍ക്കാന്‍ കഴിയില്ല. കമ്പനങ്ങളെ തന്റെ ത്വക്ക് വഴി പിടിച്ചെടുത്താണ് പാമ്പുകള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതെന്നുള്ള അറിവുണ്ടായാല്‍ മാത്രം മതി പ്രസ്തുത കഥ കള്ളമാണെന്ന് ബോധ്യപ്പെടാനെന്നും വാവ സുരേഷ് പറുന്നു.

ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ് വൈകുന്നേരങ്ങളില്‍ മരിച്ചീനി വേവിച്ച് ഊറ്റിയെടുക്കുന്ന ഗന്ധം വന്നാല്‍ അത് അണലി വായ് തുറക്കുന്നതിന്റെ ഗന്ധമാണെന്ന് പറഞ്ഞിരുന്നത്. ജനങ്ങള്‍ ഇക്കാര്യം വിശ്വസിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഇതിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുകയും നാലുവര്‍ഷത്തെ നിരീക്ഷണത്തിനൊടുവില്‍ അതിനുത്തരം കണ്ടെത്തുകയുമായിരുന്നു.

വൈകിട്ട് വിരിയുന്ന പാടത്താളി എന്ന ഔഷധ പൂച്ചെടിയുടെ ഗന്ധമാണ് അണലിയുടെ ഗന്ധമായി ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. ഒരു കടുക് മണിയുടെ വലിപ്പം മാത്രമുള്ള നീല നിറത്തിലുള്ള ഈ പൂവ് വിരിയുമ്പോള്‍ പുറപ്പെടുവിക്കുന്ന ഗന്ധമാണ് അണലിയുടേതായി തെറ്റിദ്ധരിക്കപ്പെടുന്നത്.

വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ് തളിച്ചാല്‍ ആ പരിസരത്ത് പാമ്പുകള്‍ വരില്ലെന്നുള്ളത് ജനങ്ങളുടെ ഇടയില്‍ ഇന്നും പ്രചരിക്കുന്ന ഒരു കാര്യമാണ്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാമ്പിനെ അകറ്റുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ വെളുത്തുള്ളിയും പാമ്പുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് സത്യം.

പാമ്പിന് ഗന്ധം ആവാഹിക്കാന്‍ കഴിവ് ഇല്ല. നാക്കുകൊണ്ടാണ് അവ വസ്തുക്കളെ തിരിച്ചറിയുന്നത്. തന്റെ ഇരയേയും ഇണയേയും പാമ്പുകള്‍ തിരിച്ചറിയുന്നത് നാവുകൊണ്ടാണ്. പിന്നെ തിരിച്ചറിയാന്‍ കഴിയുന്ന മറ്റൊരു കാര്യം ആസിഡുകളാണ്. മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയ വസ്തുക്കള്‍ പാമ്പുകളെ സംബന്ധിച്ച് ആസിഡുകളാണ്. ഇവ പാമ്പുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയും അവര്‍ അതില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ തുടങ്ങിയവയൊക്കെ പാമ്പിനെ അകറ്റുന്ന കാര്യങ്ങളാണെങ്കിലും ഒരിക്കലും വെളുത്തുള്ളിക്ക് പാമ്പിനെ അകറ്റാന്‍ കഴിയില്ലെന്നും വാവ സുരേഷ് പറയുന്നു.