ആ ഒറ്റ ഷോട്ട് ആറ് മിനിറ്റ് നീണ്ടുനിന്നു; മമ്മൂട്ടിയുടെ അഭിനയം കണ്ട് ‘കട്ട്’ പറയാന്‍ പോലും മറന്നുപോയി; തിരിഞ്ഞുനോക്കിയപ്പോള്‍ ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയാണ്: പേരന്‍പ് ഷൂട്ടിംഗ് അനുഭവം

single-img
29 January 2019

ലോകമെമ്പാടുമുള്ള മമ്മൂട്ടിയുടെ ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് ‘പേരന്‍പ്’ കാണാന്‍ കാത്തിരിക്കുന്നത്. താരത്തിന്റെ അഭിനയ വഴക്കത്തിന്റെ തിളക്കമുള്ള ഏടാകും ഈ തമിഴ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഇതിനിടെ, മമ്മൂട്ടിയുടെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നെന്ന് കൊറിയോഗ്രാഫര്‍ നന്ദ പറയുന്ന അഭിമുഖമാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത. ‘സിനിമയിലെ ഒരു രംഗം ചിത്രീകരിക്കാന്‍ റാം സര്‍ ആവശ്യപ്പെട്ടു. മകളുടെ മുന്നില്‍ മമ്മൂട്ടി സര്‍ ഡാന്‍സ് കളിക്കുന്നൊരു രംഗമാണ് ചിത്രീകരിക്കേണ്ടത്.

ആ രംഗം എങ്ങനെയാണ് ചിത്രീകരിക്കേണ്ടതെന്ന് പ്ലാന്‍ ചെയ്യാന്‍ റാം സര്‍ വിളിപ്പിച്ചു. മമ്മൂട്ടി സാറിനെ റിഹേഴ്‌സലിന് വിളിക്കാമോ എന്ന് ചോദിച്ചപ്പോള്‍ റിഹേഴ്‌സല്‍ ഒന്നും വേണ്ടെന്നും സാറിനോട് സന്ദര്‍ഭം പറഞ്ഞുകൊടുത്താല്‍ മതിയെന്നും റാം സാര്‍ പറഞ്ഞു.

അങ്ങനെ പ്ലാന്‍ ചെയ്ത് തുടങ്ങി. ദിവസങ്ങള്‍ കടന്നുപോയിട്ടും ആ രംഗം ചിത്രീകരിക്കാന്‍ സമയം കിട്ടുന്നില്ല. പത്തുപതിനഞ്ച് ദിവസങ്ങള്‍ പോയി. കൊടുംതണുപ്പായതിനാല്‍ എനിക്ക് വയ്യാതായി. ഇതിനിടയില്‍ ആ രംഗത്തെക്കുറിച്ച് മമ്മൂട്ടി സര്‍ ചോദിക്കുമായിരുന്നു.

അദ്ദേഹം എല്ലാ കൃത്യമായി കേള്‍ക്കും. അപ്പോള്‍ കരുതും ഇപ്പോള്‍ ആ രംഗം ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമെന്ന്. എന്നാല്‍ ഇതൊക്കെ കേട്ട ശേഷം ‘ഓകെ നന്ദാ, പിന്നെ കാണാം എന്നുപറഞ്ഞ് പോകും. അങ്ങനെ ആ നിമിഷനായി ഞാന്‍ അക്ഷമനായി കാത്തിരിക്കാന്‍ തുടങ്ങി.

അങ്ങനെയൊരിക്കല്‍ മമ്മൂട്ടി സാര്‍ വന്നുപറഞ്ഞു, ഇന്ന് നമുക്ക് ആ രംഗം ചിത്രീകരിക്കാമെന്ന്. ഓടിച്ചെന്ന് റാം സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ നൈറ്റ് എഫ്കടില്‍ ആ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. ട്രോളി ആക്ഷനില്‍ ഒറ്റഷോട്ടിലാണ് രംഗം ചിത്രീകരിക്കാന്‍ പോകുന്നതെന്ന് ഛായാഗ്രാഹകന്‍ പറഞ്ഞു. അതുകേട്ട് ഞാന്‍ ഞെട്ടി. ആ ഷോട്ടിന്റെ ദൈര്‍ഘ്യം ആറ് മിനിറ്റാണ്.

അങ്ങനെ ഞാന്‍ മോണിറ്ററില്‍ നോക്കി ആക്ഷന്‍ പറഞ്ഞു. മമ്മൂട്ടി സാര്‍ അഭിനയിക്കാന്‍ തുടങ്ങി. ഗംഭീര അഭിനയം. ആറ് മിനിട്ട് ഷോട്ട് കൃത്യമായി പൂര്‍ത്തീകരിച്ചു. അതിനുശേഷവും മമ്മൂട്ടി സാര്‍ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ എന്നിട്ടും ആരും ഒന്നും മിണ്ടുന്നില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയാണ്.

സീന്‍ നിര്‍ത്താന്‍ പറയേണ്ടത് റാം സാര്‍ ആണ്. അതിനുശേഷം കട്ട് പറയേണ്ടത് ഞാനും. എന്നാല്‍ ആ സമയം ഞാന്‍ മോണിട്ടറില്‍ നോക്കി അഭിനയത്തില്‍ മുഴുകി ഇരിക്കുകയാണ്. കാരണം അത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിക്കുന്നത്. കരഞ്ഞുകൊണ്ട് മമ്മൂട്ടി സാര്‍ അഭിനയിക്കുന്നത് കണ്ട് കട്ട് പറയാന്‍ തോന്നിയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍, മമ്മൂട്ടി സാര്‍ തന്നെ എഴുന്നേറ്റ് കട്ട് പറഞ്ഞു.

ഇതാണ് ഈ രംഗത്തിന്റെ ഫസ്റ്റ് ടേക്കും ഫൈനല്‍ ടേക്കും, അദ്ദേഹം എന്റടുത്ത് വന്ന് പറഞ്ഞു. കണ്ടുനോക്കട്ടെ എന്നുപറഞ്ഞ് മോണിറ്ററില്‍ പ്ലേ ചെയ്തപ്പോള്‍ കണ്ടുനിന്നവരെല്ലാം കയ്യടിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ അദ്ദേഹം അത്ഭുതപ്പെടുത്തി. ഒരു രംഗം ചിത്രീകരിക്കാനാണ് പത്തിരുപത് ദിവസമെടുത്തത്”നന്ദ പറഞ്ഞു.

https://www.youtube.com/watch?time_continue=41&v=eDjXcXBGmt8