രക്ഷിതാക്കള്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മോദി: മക്കളോട് സ്‌നേഹമുള്ള മാതാപിതാക്കള്‍ മോദിക്ക് വോട്ടുചെയ്യരുതെന്ന് കെജ്രിവാള്‍

single-img
29 January 2019

രക്ഷിതാക്കള്‍ അവരുടെ ആഗ്രഹങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ആരംഭിച്ച പരീക്ഷ പര്‍ ചര്‍ച്ചയിലായിരുന്നു മോദി രക്ഷിതാക്കള്‍ക്കുള്ള ഉപദേശം നല്‍കിയത്. ‘നിങ്ങളുടെ സ്വപ്‌നങ്ങള്‍ കുട്ടികളുടെ മേല്‍ സാക്ഷാത്കരിക്കാനായി അടിച്ചേല്‍പിക്കരുതെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്. ഓരോ കുട്ടിക്കും അവരുടേതായ ശക്തിയും കെല്‍പുമുണ്ട്. ഒരാളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നല്ലകാര്യമാണ്. പക്ഷെ അടിച്ചേല്‍പിക്കരുതെന്ന്’ അദ്ദേഹം പറഞ്ഞു.

‘പരീക്ഷയ്ക്കുമുമ്പായി നിങ്ങള്‍ പൂര്‍ണമായും റിലാക്‌സ് ചെയ്യൂവെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ ഇത് നിങ്ങളുടെ ജീവിതം നിര്‍ണയിക്കുന്ന പരീക്ഷയാണോ അതോ ഒരു ക്ലാസ്സില്‍ നിന്ന് മറ്റൊരു ക്ലാസ്സിലേക്ക് പ്രവേശിക്കാനുള്ള പരീക്ഷയാണോ എന്ന് നിങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഇതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ലഭിച്ചാല്‍ സമ്മര്‍ദംനന്നായി കുറയും’, മോദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

അതിനിടെ, ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11,000 പുതിയ ക്ലാസ്മുറികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ശിലാസ്ഥാപനചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തിരഞ്ഞെടുക്കൂ, മറിച്ച് കുട്ടികളോട് സ്‌നേഹമില്ലെങ്കില്‍ നിങ്ങള്‍ മോദിജിക്ക് വോട്ടു ചെയ്യൂ’ എന്നായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍.

എഎപിയെ തിരഞ്ഞെടുത്തില്ലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തൊട്ടാകെ ആരാധനാലയങ്ങളുടെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നുവെങ്കിലും ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനമാണെന്നും, കുട്ടികള്‍ക്കു വേണ്ടി മോദിജി ഇതുവരെ ഒരു സ്‌കൂളോ ക്ലാസ് മുറിയോ പണികഴിപ്പിച്ചിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സര്‍വോദയ കന്യ വിദ്യാലയത്തില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മക്കളോടാണോ പ്രധാനമന്ത്രിയോടാണോ കൂടുതല്‍ സ്‌നേഹമെന്ന് മനീഷ് സിസോദിയയും പ്രസംഗത്തിനിടെ ചോദിച്ചു.

മോദിയോടാണോ നിങ്ങളോടാണോ മാതാപിതാക്കള്‍ക്ക് കൂടുതലിഷ്ടമെന്ന് വീട്ടിലെത്തിയാല്‍ ചോദിക്കണമെന്ന് സിസോദിയ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളോടാണ് ഇഷ്ടമെന്ന് പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ പണി കഴിപ്പിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടാനും സിസോദിയ കുട്ടികളോട് പറഞ്ഞു.