കുട്ടി ഓണ്‍ലൈന്‍ ഗെയിമിലെന്ന് അമ്മയുടെ പരാതി; പബ്ജിയാണോയെന്ന് മോദി: വീഡിയോ വൈറല്‍

single-img
29 January 2019

ന്യൂഡല്‍ഹി: മകന്‍ ഓണ്‍ലൈന്‍ ഗെയിം മൂലം പഠനത്തില്‍ ഉഴപ്പുന്നുവെന്ന അമ്മയുടെ പരാതിക്ക് പബ്ജി കളിക്കാരനാണോയെന്ന് തിരിച്ചുചോദിച്ച് പ്രധാനമന്ത്രി. ‘പരീക്ഷ പേ ചര്‍ച്ച 2.0’ എന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ രസകരമായ മറുചോദ്യം.

രാജ്യത്തിനകത്തും പുറത്തും പഠിക്കുന്ന കുട്ടികളും അധ്യാപകരുംരക്ഷിതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്ത രണ്ട്‌ലക്ഷം കുട്ടികളില്‍ നിന്ന് 2000 പേരെ തിരഞ്ഞെടുത്താണ് പരിപാടി നടത്തുന്നത്. റഷ്യ, നൈജീരിയ, ഇറാന്‍ നേപ്പാള്‍, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുക്കുന്നുണ്ട്.

പരീക്ഷാ സമ്മര്‍ദത്തെ മറികടക്കേണ്ടതിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കിടെ നല്‍കി. പരീക്ഷയ്ക്കുമുമ്പായി നിങ്ങള്‍ പൂര്‍ണമായും റിലാക്‌സ് ചെയ്യൂവെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ ഇത് നിങ്ങളുടെ ജീവിതം നിര്‍ണയിക്കുന്ന പരീക്ഷയാണോ അതോ ഒരു ക്ലാസ്സില്‍ നിന്ന് മറ്റൊരു ക്ലാസ്സിലേക്ക് പ്രവേശിക്കാനുള്ള പരീക്ഷയാണോ എന്ന് നിങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഇതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ലഭിച്ചാല്‍ സമ്മര്‍ദംനന്നായി കുറയും’, മോദി പറഞ്ഞു.

മക്കളുടെ പരീക്ഷയില്‍ രക്ഷിതാക്കള്‍ ആധികൊള്ളുന്നതെങ്ങനെ നേരിടുമെന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് മോദി പ്രതികരിച്ചതിങ്ങനെയാണ്,. ‘നിങ്ങളുടെ സ്വപ്‌നങ്ങള്‍ കുട്ടികളുടെ മേല്‍സാക്ഷാത്കരിക്കാനായി അടിച്ചേല്‍പിക്കരുതെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്. ഓരോ കുട്ടിക്കും അവരുടേതായ ശക്തിയും കെല്‍പുമുണ്ട്.ഒരാളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നല്ലകാര്യമാണ്.പക്ഷെ അടിച്ചേല്‍പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.