ഒടുവില്‍ ലംബോര്‍ഗിനി വീട്ടിലെത്തി: ട്രോളന്മാരോട് നന്ദിയുണ്ടെന്ന് മല്ലിക സുകുമാരന്‍

single-img
29 January 2019

റോഡ് നല്ലതല്ലാത്തതിനാല്‍ തന്റെ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടു വരാന്‍ കഴിയുന്നില്ല എന്ന മല്ലിക സുകുമാരന്റെ പരാതി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരത്തിനാണ് വഴിതെളിച്ചത്. എന്നാല്‍ ആ ട്രോളുകള്‍ മൂലം റോഡ് നന്നായെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. മനോരമയുമായുള്ള അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം തുറന്നു പറഞ്ഞത്.

‘വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം ഞാന്‍ തുറന്നു പറഞ്ഞു. അതാണ് സമൂഹമാധ്യമങ്ങള്‍ എടുത്തു ട്രോളാക്കി മാറ്റിയത്. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിക്കുകയല്ല ചെയ്തത്.

നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമയല്ലേ? മല്ലിക പറയുന്നു. ട്രോളുകള്‍ മൂലം റോഡ് നന്നായെന്നും ട്രോളര്‍മാരോട് നന്ദിയുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു