തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍; അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു: ആരോപണവുമായി ലോവല്‍

single-img
29 January 2019

അമ്പിളിയുടേയും തന്റെയും പ്രണയവിവാഹമായിരുന്നുവെന്നും വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് വിവാഹം നടന്നതെന്നും അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവല്‍. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം എട്ടു മാസം മുന്‍പാണ് ബന്ധം വേര്‍പെടുത്തുന്നത്. അതും അമ്പിളിയുടെ തീരുമാനമായിരുന്നുവെന്നും ലോവല്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോവല്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

‘പുറത്ത് നിന്ന ചിലര്‍ വച്ച പാരകളാണ് തങ്ങളുടെ ദാമ്പത്യം തകര്‍ത്തത്. തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍ ആണ്. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു.

വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍ ആദിത്യന്റെ സ്ഥിരം നമ്പറുകളാണ് അതിന് തെളിവുകള്‍ ഉണ്ട്.

മകനെ അവര്‍ എന്റെ അടുത്ത് നിന്ന് അകറ്റി. എന്നെ ഭീകരനായിട്ടാണ് ആറ് വയസുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്. കോടതി പറഞ്ഞ തുക അവര്‍ക്ക് മുടങ്ങാതെ നല്‍കുന്നുണ്ട്. എന്റെ കുഞ്ഞിനെ കയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി അടുത്തത്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്’. ലോവല്‍ പറയുന്നു.

അതേസമയം, 15 വര്‍ഷം മുമ്പേ അമ്പിളിയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ആദിത്യനും പറഞ്ഞിരുന്നു. പതിനെട്ട് വര്‍ഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാര്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.

സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വര്‍ഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവല്‍ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങള്‍ അയാളുമായുള്ള ജീവിതത്തില്‍ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേര്‍ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവര്‍ വേര്‍പിരിയുന്നത്.

പിന്നെ എന്തിനാണ് ഇപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളില്‍ ചാര്‍ത്താന്‍ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാന്‍ ആദ്യം പോയത് ഡാന്‍സ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാള്‍ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നര്‍ത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും.

ചിലര്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങള്‍ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നില്‍ കൈവിട്ടുപോയി എന്ന് ഞാന്‍ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളതെന്നും ആദിത്യന്‍ പറഞ്ഞു.

അമ്പിളിയുടെ വാക്കുകള്‍

”അഞ്ച് വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണ്. 2018 ജനുവരിയില്‍ നിയമപരമായി പിരിയുകയും ചെയ്തു. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. അത് ലോവലിന് അറിയുകപോലും ഇല്ല. അവന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവന് ഏഴ് വയസ്സായെന്നാണ് ലോവല്‍ എല്ലാവരോടും പറയുന്നത്.

അവന് ആറ് വയസ്സായിട്ടേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞശേഷം അവനെ വിളിക്കാനോ ആശംസ അറിയിക്കാനോ ലോവല്‍ മെനക്കെട്ടില്ല. 2500രൂപ മാസം മകന് ചെലവിന് നല്‍കാന്‍ വിധിയുണ്ട്. അത് പോലും വല്ലപ്പോഴുമാണ് തരുന്നത്. ഒന്നിച്ച് പോകാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയത്താണ് പിരിഞ്ഞത്. പലരും ആദിത്യനുമായുള്ള എന്റെ വിവാഹ ശേഷമാണ് ഞാന്‍ വിവാഹ മോചിതയാണെന്ന് തന്നെ അറിഞ്ഞത്. ഞാനായി ഒരു പ്രശ്നവും ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതെ ഇരുന്നത്. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് വിവാഹ മോചനം നേടിയത് തന്നെ.

ആദിത്യനുമായുള്ള എന്റെ വിവാഹം കേവലം മൂന്ന് ആഴ്ച കൊണ്ട് നടന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആദിത്യന്റെ വീട്ടുകാരുമായി എന്റെ കുടുംബത്തിന് അടുപ്പമുണ്ട്. ഇരുവര്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്. മകന് ആദിത്യനോട് നല്ല അടുപ്പമാണ്. ഇതും വിവാഹത്തിന് കാരണമാണ്, കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ആദിത്യന്‍ മകന് നന്നായി സ്നേഹം നല്‍കിയിട്ടുണ്ട്.

ആദിത്യനെ എനിക്ക് നന്നായി അറിയാം. പൂര്‍ണ്ണമായും മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ. ആദിത്യന്‍ നാല് വിവാഹം കഴിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. നിയമപരമായി ഒരു വിവാഹമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളത്.ആദിത്യനെ മനഃപൂര്‍വ്വം കരിവാരിത്തേക്കാനാണിത്. ഇത്തരത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും നീക്കം ഇനി ലോവലിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ നിയമ പരമായി നേരിടും ‘ അമ്പിളി പറഞ്ഞു.