മോദി ദേശാടനപക്ഷിയല്ല രാജഹംസമാണെന്നു കെ സുരേന്ദ്രൻ; ബിജെപിയെ ട്രോളൻ ബിജെപിക്കാർ മതിയെന്നും പുറത്തുനിന്ന് ആളു വേണ്ടെന്നും സോഷ്യൽ മീഡിയ

single-img
29 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദി രാജഹംസമാണെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വെറും ദേശാടന പക്ഷിയല്ല, മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സുരേന്ദ്രന്റെ ഈ പ്രശംസ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയാണെന്നാണ് സൂചനകൾ.

നേരത്തെ ജൈവശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മോദി കേരളത്തിലെത്തുന്നതിന് മണിക്കൂര്‍ മുമ്പെയുള്ള ഈ പ്രസ്താവന പ്രധാനമന്ത്രിയെ  ലക്ഷ്യമിട്ടാണെന്നു സൂചനകളുണ്ടായിരുന്നു.

മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നുമാണ്  മുഖ്യമന്ത്രി പറഞ്ഞത്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതിന് മറുപടിയെന്നോണമാണ് കെ സുരേന്ദ്രൻ  മോദിയെ ദേശാടനപക്ഷിയല്ല രാജഹംസമാണെന്നു വിശേഷിപ്പിച്ച് ഫേസ്ബുക്കിൽ കുറിച്ചത് എന്നാണ് സൂചനകൾ.

എന്നാൽ കെസുരേന്ദ്രൻ്റെ  ഫേസ്ബുക്ക് കുറുപ്പിനെ സെൽഫ് ട്രോൾ എന്നാണ്  സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി  സൂചിപ്പിച്ച ദേശാടനക്കിളിയെപ്പറ്റിയുള്ള വിവരണങ്ങൾ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.  ഇതെല്ലാം കണ്ടിട്ടും മുഖ്യമന്ത്രി പ്രധാനമന്ത്രിയാണ് വിശേഷിപ്പിച്ചത് എന്ന് ധരിച്ച്  സുരേന്ദ്രൻ പോസ്റ്റ് ഇടുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സിൽ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്.

Posted by K Surendran on Monday, January 28, 2019