കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; നാലുപേര്‍ ആശുപത്രിയില്‍

single-img
29 January 2019

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം. സ്റ്റേഡിയത്തില്‍ കളികണ്ടിരുന്നവരെയാണ് പെരുന്തേനീച്ച കൂട്ടം ആക്രമിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടോസ് നേടി ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റിങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തേനീച്ചകൂട്ടം ഇളകിയെത്തിയത്. ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടത്തിലേക്ക് ആരോ കല്ലെറിഞ്ഞതോടെയാണ് തേനീച്ചകള്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് 10 മിനിട്ടോളം കളി നിര്‍ത്തിവെച്ചു.

കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. മൂന്നാം ഏകദിനത്തെ അപേക്ഷിച്ച് കാണികളുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അന്താരാഷ്ട്ര മത്സരമല്ലാത്തതിനാല്‍ ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന ആരോപണമുണ്ട്. സ്റ്റേഡിയത്തില്‍ പലസ്ഥലങ്ങളിലും തേനീച്ചയും കടന്നലും കൂടുകൂട്ടിയിട്ടുണ്ട്.