ആറ്റിങ്ങല്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് ബിജു പ്രഭാകര്‍ ഐഎഎസിനെ ?

single-img
29 January 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാല്‍നൂറ്റാണ്ടായി പാര്‍ട്ടി ജയിച്ചിട്ടില്ലാത്ത സീറ്റുകളില്‍ പ്രമുഖരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പൊതുപ്രവര്‍ത്തകര്‍ മാത്രമല്ലാതെ, വിവിധ ശ്രേണികളിലുള്ള പ്രമുഖരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രമുഖരെ സ്ഥാനാര്‍ത്ഥിയായി ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ആറ്റിങ്ങലിന്റെ പൂര്‍വരൂപമായിരുന്ന ചിറയിന്‍കീഴില്‍ 89-ല്‍ തലേക്കുന്നില്‍ ബഷീര്‍ വിജയിച്ചശേഷം ഇതുവരെ കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഈ മണ്ഡലം എങ്ങനെയും പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ആറ്റിങ്ങലില്‍ ബിജു പ്രഭാകര്‍ ഐഎഎസിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബിജു പ്രഭാകര്‍. സമര്‍ഥനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട ഇദ്ദേഹം നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’, നഗരത്തിലെ ഗതാകുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഉള്‍പ്പെടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികള്‍ ബിജു പ്രഭാകര്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളുടെ കലക്ടര്‍ എന്ന വിശേഷണവും തലസ്ഥാനവാസികള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു.

ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച കളക്ടര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടിനൊപ്പം യുവജനങ്ങളുടെയും വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്നവരുടെയും വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സിറ്റിങ് എം.എല്‍.എ. അടൂര്‍ പ്രകാശിന്റെ പേരും ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസോ ബിജു പ്രഭാകറോ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ ഇറക്കാന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിപിഎം കോട്ടയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എ സമ്പത്തിനെ മാറ്റി പകരം യുവ നേതാക്കളെ നിര്‍ത്തും എന്നും സൂചനകളുണ്ട്.