ഞാൻ പിടിച്ച പാമ്പുകളിൽ എത്രയെണ്ണം ചത്തെന്നുള്ളത് വിമർശകർ പറയണം; സ്വയം പ്രസിദ്ധിക്കുവേണ്ടി തന്നെ കരുവാക്കരുതെന്നു വാവ സുരേഷ്

single-img
28 January 2019

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി വാവ സുരേഷ്.  തന്നെ പത്മ അവാർഡിന് ശുപാർശ ചെയ്തു എന്ന് വ്യക്തമാക്കി ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും വാവ സുരേഷ് പറയുന്നു.  ആക്രമണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ആണോ അതോ മറ്റെന്തെങ്കിലുമാണോ എന്നുള്ള കാര്യം വ്യക്തമല്ലെന്നും ഇ-വാർത്തയോട് പറഞ്ഞു.

തന്നെയും ശശി തരൂര്‍ എംപിയെയും വിമര്‍ശിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി ഡോ. നെൽസൺ ജോസഫ്  എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ പല ആരോപണങ്ങളും എന്നോടുള്ള പക മനസ്സിൽ സൂക്ഷിച്ചോ  അല്ലെങ്കിൽ കാര്യം അറിയാതെയോ ആണെന്ന് വാവ സുരേഷ് പറയുന്നു. തനിക്ക് പത്മശ്രീ നൽകണമെന്ന് ശുപാർശ നൽകിയ കാര്യം താൻ അറിയുന്നത് കഴിഞ്ഞദിവസം രാത്രി മാത്രമാണെന്നു വാവ സുരേഷ് പറഞ്ഞു.  അവാർഡുകൾക്കോ പദവികൾക്കോ വേണ്ടി ഈ സേവനം ചെയ്യുന്ന ഒരു വ്യക്തിയല്ല താനെന്നും, അങ്ങനെ കരുതുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ദയവായി ആ ചിന്ത മാറ്റണമെന്നും വാവ സുരേഷ് പറഞ്ഞു.

പാമ്പിനെ പിടിക്കാന്‍ പാമ്പിനെ തൊടുകപോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നതെന്നുള്ള ആരോപണത്തിനും  അദ്ദേഹം മറുപടി പറഞ്ഞു. ഒരു പാമ്പിനെ ഉപകരണങ്ങൾകൊണ്ട് പിടിക്കുന്നതാണ് അതിൻ്റെ ശരീരത്തിന് ഏറ്റവും ദോഷമായി ഭവിക്കുന്നത്. വളരെ ദുർബലമായ രീതിയിലാണ് പാമ്പിൻ്റെ ശരീരത്തിൻ്റെ നിർമ്മിതി.  അത്രത്തോളം ശ്രദ്ധാപൂർവ്വം മാത്രമേ പാമ്പിനെ പരിചരിക്കുവാൻ പാടുള്ളൂ. ഉപകരണങ്ങൾ പാമ്പിൻ്റെ ശരീരത്തിൽ വളർത്തുന്നത് സാധാരണമാണ്. എന്നാൽ കെെ കൊണ്ട് ചെയ്യുമ്പോൾ അത് ഒഴിവാക്കുന്നു. ഓരോ പാമ്പും സുരക്ഷിതമായി അതിജീവനം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിന്നിൽ എന്താണ് യഥാർത്ഥ്യം  എന്നറിയില്ല. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരേ പോലെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. പാമ്പുകടിയേറ്റ് ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ കാണുവാൻ എത്തിയത് കോൺഗ്രസുകാരനായ ശശിതരൂരും ഇടതുപക്ഷക്കാരനായ  സി ദിവാകരനുമാണെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിന്നിൽ പ്രശസ്തിക്കുവേണ്ടി തന്നെ ബലിയാടാക്കുന്നുവെന്നാണ്  തനിക്കു തോന്നുന്നതെന്നും വാവ സുരേഷ് പറഞ്ഞു. എന്നെപ്പോലെ പാമ്പുപിടുത്തം നടത്തുന്ന നിരവധി വ്യക്തികളും സംഘടനകളും കേരളത്തിലുണ്ട്.  അവരെ ആരെയും വിമർശിക്കാതെ തന്നെ മാത്രം വിമർശിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് അതിൻ്റെ സത്യാവസ്ഥ തന്നെ വിളിച്ചു ചോദിക്കാമായിരുന്നുവെന്നും  വാവ സുരേഷ് ചൂണ്ടിക്കാട്ടി.