ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്

single-img
28 January 2019

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ സംശയകരമായ ആക്ഷന്റെ പേരില്‍ ബൗളിംഗില്‍ നിന്നും ഐസിസി വിലക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റായിഡുവിന്റെ ബൗളിംഗ് ആക്ഷന്റെ പേരില്‍ അമ്പയര്‍മാര്‍ സംശയം പ്രകടിപ്പിച്ച് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ നിയമപരമല്ലാത്തതിനാല്‍ ഐസിസി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തിലെ ബൗളിങ്ങാണ് യുവതാരത്തിന് കുരുക്കായത്. ബാറ്റ്‌സ്മാനായ റായിഡുവിനെ കൊണ്ട് ബോള്‍ ചെയ്യിക്കാന്‍ നായകന്‍ കോഹ്ലി നിര്‍ബന്ധിതനായി മാറുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന മുഹമ്മദ് ഷമി പിന്‍വാങ്ങിയതോടെയാണ് റായിഡുവിനെ ആശ്രയിക്കാന്‍ കോഹ്‌ലി നിര്‍ബന്ധിതനായത്. ആകെ രണ്ട് ഓവര്‍ മാത്രമാണ് റായിഡു എറിഞ്ഞത്.

ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ക്രീസില്‍ നില്‍ക്കവേ 22ാം ഓവറിലാണ് കോഹ്ലി റായിഡുവിനെ പന്തേല്‍പ്പിക്കുന്നത്. മികച്ച ഫോമില്‍ തുടരുന്ന കൂട്ടുകെട്ട് പൊളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. റണ്‍നിരക്ക് പ്രതിരോധിക്കുന്നതില്‍ ആദ്യ ഓവറില്‍ റായിഡു വിജയിക്കുകയും ചെയ്തു.

ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ റായിഡുവിന്റെ ആക്ഷനെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നു. വലങ്കയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ റായുഡുവിന്റെ ആക്ഷന്‍ ശരിയല്ലെന്ന് സമൂഹമാധ്യമങ്ങളും കുറ്റപ്പെടുത്തി.

മത്സരശേഷം മാച്ച് ഒഫീഷ്യല്‍സ് ഇത് ചൂണ്ടികാട്ടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കി. റായിഡുവിന്റെ ആക്ഷന്‍ സംശയാസ്പദമാണെന്ന് ഐസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്തു. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളിധരന്റെ ബൗളിങ് ആക്ഷന് സമാനമാണ് റായുഡുവിന്റേതും.