‘പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമെങ്കില്‍ മലയാള സിനിമയ്ക്ക് തന്നെ നാണക്കേട്’; മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിവാദങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

single-img
28 January 2019

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ ഉളവാക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. വള്ളുവനാടിന്റെ ചരിത്രം പറയുന്ന പീരിയഡ് ചിത്രമാണിത്. വലിയ മുതല്‍മുടക്ക്, തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം

എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ ഉടലെടുത്തു. സിനിമയിലെ പ്രധാന താരങ്ങളെ വരെ ഒരുകാരണവും കൂടാതെ പുറത്താക്കി. യോദ്ധാവിന്റെ വേഷം ചെയ്യാന്‍ ഒരു വര്‍ഷം കഠിനാധ്വാനം നടത്തിയ യുവതാരം ധ്രുവിനെയാണ് (ക്വീന്‍ ഫെയിം) ചിത്രത്തില്‍ നിന്നും ആദ്യം പുറത്താക്കുന്നത്. തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്റ്റര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരും ചിത്രത്തില്‍ നിന്നും പുറത്തായി.

ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിന്നീട് മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിരുന്നു.

ഇതിനിടെ, ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാവുന്നതാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ട്വീറ്റിലൂടെയാണ് റസൂല്‍ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്.

2018ല്‍ താന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നാണ് മാമാങ്കം. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തില്‍ അവസാനിച്ചതില്‍ സങ്കടമുണ്ടെന്നും റസൂല്‍ കുറിച്ചു.