പ്രകടനങ്ങൾക്കും പൊതു സമ്മേളനങ്ങൾക്കും ഇനി ഒരാഴ്ച മുന്നേ അനുമതി വാങ്ങണം

single-img
28 January 2019

തലസ്ഥാനത്തെ ജാഥകൾക്കും പ്രകടനങ്ങൾക്കും പൊതു സമ്മേളനങ്ങൾക്കും ഇനിമുതൽ ഒരാഴ്ച മുന്നേ പോലീസ് അനുമതി വാങ്ങണം എന്ന് സിറ്റി പോലീസ് കമ്മീഷണർ. മൈക്ക് പെർമിഷൻ ആവശ്യമുള്ള ഏതു പരിപാടിക്കും ഒരാഴ്ചമുൻപ് അനുമതി വേണം. ഇത് പാലിക്കാത്ത സംഘടന നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു.

സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഉള്ള പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ഇനിമുതൽ അനുവദിക്കില്ല. ഗതാഗതക്കുരുക്ക് കുറയ്ക്കാനായി രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ പ്രകടനങ്ങളും ജാഥകളും അനുമതി നൽകൂ. സമയക്രമം തെറ്റിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

റോഡ് മുഴുവൻ കയ്യടക്കി ജാഥകളും പ്രകടനങ്ങളും അനുവദിക്കില്ല. ഒരു വശത്ത് കൂടി മാത്രമേ ഇനി ഏതു പ്രകടനവും ജാഥയും കടന്നുപോകാൻ അനുവദിക്കൂ. അതുപോലെ ജാഥകൾ കടന്നുപോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. മറ്റു പ്രധാന റോഡുകളിലും പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തും. പോലീസ് നിർദേശം അനുസരിക്കാതെ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും കമ്മീഷണർ അറിയിച്ചു.