‘സൂക്ഷ്മാഭിനയം ഇതുപോലെ കൈകാര്യം ചെയ്യാന്‍ വേറെയൊരു നടന്‍ ഇന്ത്യയില്‍ ഇല്ല’; മമ്മൂട്ടിയുടെ പേരന്‍പിലെ അഭിനയത്തെ വാനോളം പുകഴ്ത്തി സിനിമാ രംഗത്തെ പ്രമുഖര്‍

single-img
28 January 2019

പ്രേക്ഷക മനസില്‍ ജീവിത ദുരന്തങ്ങളുടെ കനല്‍ കോരിയിടുന്ന മമ്മൂട്ടി ചിത്രം പേരന്‍പ് ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തേണ്ടി വരുന്ന അച്ഛന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് പേരന്‍പ്. തോറ്റു പോകുന്ന നിമിഷങ്ങളിലും മകളോടുള്ള വാത്സല്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് മടങ്ങുന്ന അച്ഛനെ അനായാസമായി മമ്മൂട്ടി അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് പേരന്‍പ്. ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയെങ്കിലും ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. ഇതിനിടെ റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യന്‍ പനോരമ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ ദിവസം റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോയ്ക്ക് നിരവധി പ്രമുഖര്‍ എത്തിയിരുന്നു. സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചതെന്നും സൂക്ഷ്മാഭിനയം ഇത് പോലെ കൈകാര്യം ചെയ്യുന്ന മറ്റൊരു നടനില്ലെന്നും സിനിമാ രംഗത്തെ പ്രമുഖര്‍ പറഞ്ഞു.

എസ്.എന്‍.സ്വാമി ജോഷി, സിബി മലയില്‍, കമല്‍, രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങി നിരവധി പേരാണ് പേരന്‍പിനെ പുകഴ്ത്തി രംഗത്തെത്തിയത്.

എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്കയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടിയെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരന്‍പിലെ മമ്മൂക്കയെന്ന് സിബി മലയില്‍ പറഞ്ഞു. ലോകം കണ്ട മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂക്ക. ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ള സിനിമയാണ് പേരന്‍പെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി.